
ആലപ്പുഴ: മാന്നാറില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ഇതിന് മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. മൂന്ന് സംഘങ്ങളില്‍പെട്ടവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോയതെന്നും പോലീസ് പറയുന്നു. പ്രാദേശിക സംഘത്തില്‍പെട്ടവരാണ് വീട് ആക്രമിച്ച് ബിന്ദുവിനെ പിടിച്ചുകെട്ടി സ്വര്‍ണ്ണക്കടത്ത് സംഘത്തിന് കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുല്‍ ഫഹദ് (35), എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ വെടിമറ വീട്ടില്‍ അന്‍ഷാദ് (36), പരുമല തിക്കപ്പുഴ മലയില്‍ തെക്കേതില്‍ ശിവപ്രസാദ് (കുട്ടപ്പായി 37), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടില്‍ ബിനോ വര്‍ഗീസ് (39), പരുമല കോട്ടയ്ക്കമാലി സുധീര്‍ (കൊച്ചുമോന്‍ 36) എന്നിവരെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി എന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതില്‍ അന്‍ഷാദ്, അബ്ദുല്‍ ഫഹദ് എന്നിവരൊഴികെയുള്ളവര്‍ സ്വര്‍ണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നല്‍കിയവരാണെന്നും പൊലീസ് പറഞ്ഞു.
ബിന്ദുവിനെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ കുറിച്ചുള്ള വിവരങ്ങളും തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പരും മനസിലാക്കാന്‍ പോലീസിന് സാധിച്ചു.
പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തില്‍ അന്‍ഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.
അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സി.ഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സി.ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇനി ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.