
കൊല്ലം: വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. 24 മണിക്കൂര്‍ ഹര്‍ത്താലാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ധാരണാപത്രം റദ്ദാക്കിയതിനാല്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഹര്‍ത്താലിന്റെ ഭാഗമായി തീരദേശ മേഖലയിലെ കട-കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല. തീരദേശ മേഖലയുടെ വിവിധയിടങ്ങളില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തും. പ്രതിപക്ഷ സംഘടനകളെല്ലാം ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ കരാര്‍ പിന്‍വലിച്ചെങ്കിലും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താലുമായി മുന്നോട്ട് പോകുന്നത്.
ഹാര്‍ബറുകളുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചിട്ടുണ്ട്. ഹര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് കോവളം എം.എല്‍.എ എം.വിന്‍സന്റ് നിരാഹാര സമരം ആരംഭിച്ചു. മത്സ്യത്തൊഴിലാളികള്‍ സ്വയമേധയാ ആണ് ഹര്‍ത്താലില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഖിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ടെന്നും എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാറുമായി മുന്നോട്ട് പോകുമെന്നും എം.വിന്‍സന്റ് എം.എല്‍.എ ആരോപിച്ചു.