Breaking News

ബിന്ദു അമ്മിണി ഭക്തയല്ല, ആക്ടിവിസ്റ്റ്; സര്‍ക്കാര്‍ പിന്തുണച്ചുവെന്നും കോടതി

ബിന്ദു അമ്മിണി

കൊച്ചി: ബിന്ദു അമ്മിണിയെ ഭക്തയായി കണക്കാക്കാനാവില്ലെന്നും അവര്‍ ആക്ടിവിസ്റ്റ് ആണെന്നും കേരള ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആക്ടിവിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കിയെന്നും കോടതി പറഞ്ഞു.
ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്‌പ്രേ അടിച്ചെന്ന കേസില്‍ ഹൈന്ദവസംഘടന നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ക്കിടെ തന്റെ മുഖത്ത് മുളകുപൊടി സ്‌പ്രേ പ്രയോഗിച്ചുവെന്നാണ് പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്കെതിരെ ബിന്ദു അമ്മിണി നല്‍കിയിരിക്കുന്ന പരാതി.
എന്നാല്‍, ബിന്ദു അമ്മിണിയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ പ്രതീഷ് വിശ്വനാഥിനും സി.ജി.രാജഗോപാലിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും ജാമ്യത്തില്‍ വിടണമെന്നു കോടതി പൊലീസിനു നിര്‍ദേശം നല്‍കി. അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ 15 ദിവസത്തിനകം കീഴടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബര്‍ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസില്‍ പറയുന്നു. എന്നാല്‍ പ്രതീഷ് വിശ്വനാഥനോ രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിനു സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
സംഭവം നടന്നു 11 മാസം കഴിഞ്ഞ് 2020 ഒക്ടോബര്‍ 12നാണ് ഇവരെ കേസില്‍ പ്രതികളാക്കിയത്. ഒരാള്‍ അഭിഭാഷകനും മറ്റൊരാള്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ ബിജെപിയുടെ സ്ഥാനാര്‍ഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാന്‍ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *