വർക്കല: പോലീസിന്റെയും ഡാൻസഫ് ടീമിന്റെയും നർക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിൽ വർക്കലയിൽ കഞ്ചാവും MDMA യും പിടിച്ചെടുത്തു. വർക്കല സൗത്ത് ക്ലിഫിൽ പെരുംകുളത്തിന് സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടജിൽ നിന്നുമാണ് 7 കിലോ കഞ്ചാവും 0.9 ഗ്രാം MDMA യുമാണ് പിടിച്ചെടുത്തത്.



തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ.വി.ഗോപിനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്പി വീ. റ്റി .രാശിത്ത് ,വർക്കല ഡിവൈഎസ്പി പി. നിയാസ് , സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കിലർ എന്നിവരുടെ നേതൃത്വത്തിൽ , വർക്കല സി.ഐ വിഎസ് പ്രശാന്ത്, എസ് ഐ അജിത് കുമാർ എന്നിവരുൾപ്പെടുന്ന പോലീസ് സംഘമാണ് വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ ഉച്ചയോടെ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ റിസോർട്ട് ഉടമയും ഒരു പെൺകുട്ടിയടക്കം 10 പേരാണ് പോലീസ് പിടിയിലായത്. വർക്കല സ്വദേശികളായ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു, വിഷ്ണു, നാച്ചു എന്ന് വിളിക്കുന്ന നാദിർഷാ, സലിം , സൽമാൻ , കൊല്ലം പരവൂർ സ്വദേശികളായ നിഷാദ്, കൃഷ്ണപ്രിയ, സന്ദേശ്, പോത്തൻകോട് സ്വദേശി ആഷിഖ് , കല്ലറ സ്വദേശി സൽമാൻ എന്നിവർ ആണ് പോലീസ് പിടിയിലായത്. സൽമാന്റെ ഉടമസ്ഥതയിൽ ഉള്ള റിസോർട്ടിൽ വച്ചു വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്. സംഘത്തിൽ ഉണ്ടായിരുന്ന സന്ദേശിന്റെ
പെൺസുഹൃത്തുകൂടിയായ കൃഷ്ണപ്രിയയെ മുൻനിർത്തിയാണ് സംശയം തോന്നാത്ത വിധത്തിൽ ബീച്ച് കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ, പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തി വരികയായിരുന്നു. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.