Breaking News

വര്‍ക്കലയില്‍ കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം

ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ വക്കീലന്മാര്‍ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളുടെ ദൃശ്യങ്ങള്‍

വര്‍ക്കല: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി വര്‍ക്കലയില്‍ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍രെ വക്കീലന്മാര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ 12.30ഓടെയായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനുള്ള ശ്രമവും വക്കീലന്മാരുടെ ഭാഗത്തുനിന്നുമുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയവര്‍ക്കെതിരെ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഡ്വ.ജവാദ്,അഡ്വ.ജോബിന്‍, അഡ്വ.പ്രശാന്ത്, അഡ്വ.ദേവദാസ് എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. വര്‍ക്കല കോടതിക്ക് മുന്നിലുള്ള ബാര്‍ അസോസിയേഷന്‍ ഹാളില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. നൂറില്‍ കൂടുതല്‍ പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തത്. ബാര്‍ അസോസിയേഷന്‍ കോമ്പൗണ്ടില്‍ കയറി എന്നാരോപിച്ചാണ് ആദ്യം അഭിഭാഷകര്‍ അസഭ്യം പറഞ്ഞത്. എന്നാല്‍ താലൂക്ക് ഓഫിസ് കോമ്പൗണ്ടിലും പൊതുമരാമത്ത് റോഡിലും നിന്നാണ് ആദ്യം മാധ്യമ പ്രവര്‍ത്തകര്‍ വീഡിയോ എടുത്തത്. ഇതുകണ്ട് രോഷാകുലരായ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അപ്പോള്‍ത്തന്നെ സംഭവം വര്‍ക്കല പോലീസിനെ അറിയിച്ചുവെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.  

വര്‍ക്കല ഡി.വൈ.എസ്.പിയെ വിളിച്ചു അര മണിക്കൂര്‍ കഴിഞ്ഞ് ജനമൈത്രി പോലീസിനെയും അറിയിച്ച ശേഷമാണു സ്ഥലം എസ്.ഐ സ്ഥലത്തെത്തിയത്. സംസ്ഥാനമൊട്ടാകെ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ നിയമം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ന്യായീകരിക്കാവുന്നതല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഇവര്‍ നടത്തിയ കയ്യേറ്റവും കോവിഡ് വ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.

 
ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെതിരെ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡൻറ് അഡ്വ.അനില്‍കുമാര്‍ വര്‍ക്കല പോലീസിന് നല്‍കിയ പരാതിയുടെ കോപ്പി

നിലവിലെ കോവിഡ് സാഹചര്യത്തില്‍ നൂറോളം പേര്‍ ഒരുമിച്ചു കൂടണമെങ്കില്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് പ്രത്യേക അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാല്‍, ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബന്ധപ്പെട്ടവര്‍ അനുമതി നേടിയിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ.അനില്‍കുമാറും വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതെന്ന് അഡ്വ.അനില്‍കുമാര്‍ പറഞ്ഞു. ബാലറ്റ് പേപ്പറില്‍ സീല്‍ ചെയ്താണ് വോട്ട് രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്ന എല്ലാവരും ഒരേ സീല്‍ തന്നെയാണ് ഉപയോഗിക്കുക. ഇത് കോവിഡ് വ്യാപനത്തിന് വളരെയേറെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം കൂടി ഈ മാസം 23 നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. മാറ്റിവച്ച തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി യോഗം കൂടി ഡേറ്റ് തീരുമാനിക്കേണ്ടതുണ്ട്. ഈ നടപടി ക്രമം പാലിക്കാതെയാണ് 29ന് തെരഞ്ഞെടുപ്പ് നടത്തിയത്-അഡ്വ.അനില്‍കുമാര്‍ വിശദീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *