

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വിവിധ കടകളില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകളും പിടിച്ചെടുത്തു. ആലംകോട് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പഴകിയ പാക്കറ്റ് ഫുഡുകളും പിടിച്ചെടുത്തത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹരിത കര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്താതെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടു കത്തിക്കുന്ന സ്ഥാപനങ്ങളെയും കണ്ടെത്തി. തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ചതായി സെക്രട്ടറി കെ.എസ്.അരുണ്‍ അറിയിച്ചു.




