Breaking News

വര്‍ക്കലയില്‍ ബങ്കുകട കുത്തിത്തുറന്ന് മോഷണം: പരാതി നല്‍കിയിട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

വര്‍ക്കല: വര്‍ക്കലയില്‍ ബങ്കുകട കുത്തിത്തുറന്ന് മോഷണം. സംഭവത്തെ കുറിച്ച് പരാതി നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പരാതി. വര്‍ക്കല ശിവഗിരി ശാരദാഗിരി റോഡില്‍ ബങ്കുകട നടത്തുന്ന രജനീകാന്ത് എന്ന വികലാംഗനാണ് പോലീസ് അവഗണനാ മനോഭാവം കാണിക്കുന്നതായി പരാതി ഉന്നയിക്കുന്നത്. ഇന്ന് രാവിലെ എഴ് മണിക്കാണ് കട മോഷണം നടന്ന വിവരം രജനീകാന്ത് അറിയുന്നത്. ഇന്നലെ വൈകിട്ട് കട പൂട്ടി വീട്ടിലേക്ക് പോയ രജനീകാന്തിനെ ഇന്ന് രാവിലെ ഏഴ് മണിയോടെ ഒരു സുഹൃത്താണ് കടയുടെ പൂട്ട് പൊളിച്ചിട്ടിരിക്കുന്ന വിവരം അറിയിച്ചത്.

വിവരമറിഞ്ഞ് കടയിലെത്തിയ രജനീകാന്ത് കടയില്‍ വച്ചിരുന്ന രണ്ടായിരത്തോളം രൂപ പണപ്പെട്ടിയുള്‍പ്പെടെ മോഷണം പോയ വിവരം മനസിലാക്കി. തുടര്‍ന്ന് ഏഴരയോടെ വര്‍ക്കല പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പന്ത്രണ്ട്‌ മണിയായിട്ടും പോലീസ് സംഭവവുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് രജനീകാന്ത് പറയുന്നു. വര്‍ക്കല നഗരസഭ അനുവദിച്ച് നല്‍കിയ ബങ്കുകടയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരിക്കുന്നത്. ഈ ചെറിയ കടയില്‍നിന്നുള്ള തുച്ഛമായ വരുമാനവും ലോട്ടറിയുടെ ചില്ലറ വില്‍പനയുമാണ് രജനീകാന്തിന്റെയും രജനീകാന്തിനെ ആശ്രയിച്ച് ജീവിക്കുന്ന വൃദ്ധയായ മാതാവിന്റെയും ഉപജീവന മാര്‍ഗ്ഗം.

Related posts

Leave a Reply

Your email address will not be published. Required fields are marked *