

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.മോഡല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷിക അത്ലറ്റിക്സ് മീറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് പെണ്‍കുട്ടികള്‍. 100 വര്‍ഷം പൂര്‍ത്തിയാക്കിയ ബോയ്സ് സ്കൂള്‍ മിക്സഡ് സ്കൂള്‍ ആക്കിയതിന് ശേഷം നടന്ന ആദ്യ കായികമേളയിലാണ് പെണ്‍കുട്ടികള്‍ ത്രസിപ്പിക്കുന്ന നേട്ടം കൊയ്തത്. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലായിരുന്നു മീറ്റ് നടന്നത്. രാവിലെ 9 മണിക്ക് ശ്രീപാദം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ആരംഭിച്ച 100 മീറ്റര്‍ ഓട്ടമത്സരത്തിന് സ്റ്റാര്‍ട്ടിങ് വിസില്‍ മുഴക്കിക്കൊണ്ട് ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബിക മീറ്റ് ഉദ്ഘാടനം ചെയ്തു. കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 500 ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കായിക മേള മികച്ച നിലവാരത്തിലൂടെ ശ്രദ്ധേയമായി. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആറ്റിങ്ങല്‍ ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ പങ്കെടുക്കും.






