Breaking News

വര്‍ക്കലയിലെ നഗരവീഥിയെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

വര്‍ക്കല: നഗരവീഥിയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാക്കിക്കൊണ്ട് വര്‍ക്കലയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. ഭക്തി നിര്‍ഭരമായ നിമിഷങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് നൂറുകണക്കിന് കുരുന്നുകള്‍ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷത്തില്‍ അണിനിരന്ന ശോഭായാത്ര കടന്നുപോയത്. വൈകിട്ട് 5 മണിയോടെ റയില്‍വേ സ്‌റ്റേഷന് മുന്നിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര രാത്രി ഏഴ് മണിയോടെ വര്‍ക്കല ശ്രീജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. വിവിധ വാദ്യമേളങ്ങളും നൃത്തരൂപങ്ങളും രാധാകൃഷ്ണന്മാര്‍ക്ക് അകമ്പടി സേവിച്ചപ്പോള്‍ റോഡിന് ഇരുവശവും അണിനിരന്ന കാണികള്‍ക്ക് കണ്ണിനും കാതിനും അനുഭൂതി പകരുന്ന അനുഭവമായി മാറി.

നിഷ്‌കളങ്കമായ പുഞ്ചിരിയും കുസൃതികളുമായി റോഡിലൂടെ കളിച്ചും ചിരിച്ചും നിറഞ്ഞാടിയും നടന്നുനീങ്ങിയ രാധാകൃഷ്ണന്മാര്‍ അമ്പാടിക്കണ്ണനെ നേരില്‍ക്കണ്ട ജന്മസാഫല്യമാണ് ഭക്തര്‍ക്ക് സമ്മാനിച്ചത്. വര്‍ക്കലയുടെ വിവിധ മേഖലകളില്‍നിന്ന് ചെറിയ ചെറിയ ശോഭാത്രകള്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമ്മേളിച്ച് അവിടെനിന്ന് ദൃശ്യവിസ്മയങ്ങള്‍ സമ്മാനിച്ചുകൊണ്ട് ജനാര്‍ദ്ദനസ്വാമി സന്നിധിയിലേക്ക് തിരിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ ഭക്തര്‍ നിലവിളക്കും നിറപറയും ഒരുക്കി ശോഭായാത്രയെ വരവേറ്റു. ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തില്‍ എത്തിച്ചേര്‍ന്ന രാധാകൃഷ്ണന്മാര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഭഗവാന്റെ അനുഗ്രഹവും നേടിയാണ് പിരിഞ്ഞുപോയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *