

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബി.ആര്.സി ചലച്ചിത്രോത്സവ വേദിയാകുന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ബ്ലോക്ക് തല ചലച്ചിത്രോത്സവത്തിന്റെ ഭാഗമാവുകയാണ് ആറ്റിങ്ങല്‍ ബി.ആര്.സി. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 13 ന് ഒ.എസ്.അംബിക എംഎല്‍എ നിര്‍വഹിക്കും. വിദ്യാഭ്യാസ ഉപജില്ലയിലെ ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ ഫിലിം ക്ലബ്ബുകളുടെ രൂപീകരണം പൂര്‍ത്തിയായി. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തല ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിച്ചു. അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും സ്കൂള്‍ പഠനകാലത്ത് തന്നെ കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രശസ്ത സിനിമാ സംവിധായകനും, സ്വതന്ത്ര സിനിമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ അഭിലാഷ് ബാബു, ഫിലിം എഡിറ്റര്‍, ക്യുറേറ്റര്‍ എന്നീ നിലയില്‍ പ്രശസ്തനായ ശ്രീഹരി, ഗീത സദാശിവന് എന്നിവര്‍ നയിക്കുന്ന ഓപ്പണ്‍ ഫോറം ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കും ഭാഷാ പഠനത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലായി ചലച്ചിത്ര പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് വ്യക്തികളെ എളുപ്പത്തിന് നയിക്കാന്‍ സഹായിക്കുന്ന മാധ്യമം എന്ന നിലയിലാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമാ പഠനം വിഷയമാക്കിയിട്ടുള്ളത്. വിമര്‍ശനാത്മകമായി സിനിമയെ സമീപിക്കാനും സിനിമ സംവാദം,തിരക്കഥാ രചന, സംവിധാനം വിവിധ സാങ്കേതിക വശങ്ങള് തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരം കുട്ടികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. ആറ്റിങ്ങല്‍ ബി.ആര്.സിയുടെ പരിധിയില്‍ വരുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എഴുപതോളം കുട്ടികള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കും.

