

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണില്‍ സംഭാഷണം നടത്തി. നിലവിലെ സ്ഥിതിഗതികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പങ്കുവച്ചതായി നരേന്ദ്ര മോദി വിശദീകരിച്ചു. ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിക്കുകയും ചെയ്തു. ‘പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ കോളിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് നല്‍കിയ വിശദീകരണത്തിനും നന്ദി. അതീവ ദുഷ്‌കരമായ ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഏതു രൂപത്തിലും ഭാവത്തിലുമായാലും, ഭീകരതയെ ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നു’-മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു.

ആക്രമണം നടന്ന ഉടന്‍ തന്നെ ഇന്ത്യ ഇസ്രായേലിനുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന് നേരെയുണ്ടായ തീവ്രവാദ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നതായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമമായ എക്‌സിലെ മോദിയുടെ പോസ്റ്റ്, ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഹീബ്രു ഭാഷയില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. പിന്നാലെ, ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാഒര്‍ ഗിലോര്‍ മോദിയെ നന്ദി അറിയിക്കുകയും ചെയ്തു. അമേരിക്കയും ഇസ്രായേലിനുള്ള പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

