

വര്‍ക്കല: വര്‍ക്കലയില്‍ വധശ്രമ കേസില്‍ പ്രതികള്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. വര്‍ക്കല വെട്ടൂര്‍ അരിവാളം സ്വദേശികളായ ഷക്കീര്‍(50), റിബായത്ത്(55), നാസര്‍(60) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല മൈതാനം തേക്കുവിള വീട്ടില്‍ റീസലി(49)നെ വധിക്കാന്‍ ശ്രമിച്ചതിനാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ 13-ാം തീയതി രാവിലെ 11.30ന് വര്‍ക്കല പുത്തന്‍ചന്ത ആനന്ദ ആഡിറ്റോറിയത്തിന് മുന്നില്‍വച്ചായിരുന്നു സംഭവം.

കേസിലെ രണ്ടാം പ്രതി റിബായത്തിന്റെ മകന്റെ വിവാഹം നടത്തിക്കൊടുത്തത് റീസലായിരുന്നു. ഇതിന്റെ ബ്രോക്കര്‍ ഫീസ് റിബായത്ത് നല്‍കിയിരുന്നില്ല. ബ്രോക്കര്‍ ഫീസ് വാങ്ങാന്‍ റിബായത്തിന്റെ വീട്ടില്‍ പോവുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ആനന്ദ ആഡിറ്റോറിയത്തിന് മുന്നില്‍വച്ച് പ്രതികള്‍ റീസലിനെ മര്‍ദ്ദിച്ചത്.

പ്രതികള്‍ മൂവരും ചേര്‍ന്ന് താബൂക്ക് കട്ടകൊണ്ട് തലയുടെ വലതുഭാഗത്തും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
