Breaking News

കേസ് നിയമപരമായി നേരിടും; ഷംസീര്‍ മാപ്പ് പറയണം: മയപ്പെടാതെ എന്‍.എസ്.എസ്

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ മയപ്പെടാതെ എന്‍.എസ്.എസ്. കേസ് നിയമപരമായി നേരിടുമെന്നും ഗണപതി മിത്താണെന്ന പ്രസ്താവന സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തിരുത്തണമെന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം. സ്പീക്കര്‍ തിരുത്തുകയോ തന്റെ പ്രസ്താവന പിന്‍വലിക്കുകയോ വേണമെന്ന ഉറച്ച നിലപാടിലാണ് എന്‍.എസ്.എസ്. മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ആലോചിക്കുന്നതിനിടെയാണ് എന്‍.എസ്.എസിന്റെ പ്രസ്താവന.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മിത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അനുമതിയില്ലാതെയാണ് നാമജപ യാത്ര നടത്തിയതെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കം. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്.

ഇതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മിത്ത് വിവാദം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ ഉറപ്പായിരിക്കുകയാണ്. ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുതുപ്പള്ളിയില്‍ സമദൂര നിലപാടാണെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അതിന് പിന്നാലെ മിത്ത് വിവാദത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *