Breaking News

വര്‍ക്കലയില്‍ ലഹരി വസ്തു വില്‍പ്പന പോലീസില്‍ അറിയിച്ച യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം

വര്‍ക്കല: വര്‍ക്കലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന വിവരം പോലീസില്‍ അറിയിച്ച യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല തൊടുവേ സ്വദേശികളായ സല്‍മാന്‍(29), സുല്‍ത്താന്‍(20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുല്‍ത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സല്‍മാന് കൈയിലാണ് മുറിവേറ്റത്. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമല്ല. അക്രമികളില്‍ പ്രധാനിയായ ശ്രീനിവാസപുരം എം.ജി കോളനിയില്‍ കണ്ണനെ(27) വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല അറബിക് കോളേജിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സല്‍മാനെയും സുല്‍ത്താനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് പ്രതികള്‍ ആക്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് പ്രധാന പ്രതിയായ കണ്ണന്‍ ആക്രമിച്ചത്. ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നതുമായി സംബന്ധിച്ച വിവരങ്ങള്‍ യുവാക്കള്‍ വര്‍ക്കല പോലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ മറ്റ് പ്രതികളെ കൂടി പിടികൂടാന്‍ സാധിക്കുകയുള്ളൂയെന്ന് വര്‍ക്കല എസ്.ഐ മനോജ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *