Breaking News

വർക്കലയിൽ റെയിൽവേ പോലീസിനെ ആക്രമിക്കാൻ ശ്രമം; രണ്ടംഗസംഘത്തെ കസ്റ്റഡിയിലെടുത്തു

വർക്കല: റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ടംഗസംഘത്തെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്ത തിങ്കളാഴ്ച വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. വർക്കല റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂമിന് സമീപം രണ്ടംഗസംഘം യാത്രക്കാരെ അസഭ്യം വിളിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്ത് സ്ഥലത്തെത്തി ഇവരെ വിലക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ യുവാക്കൾ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചുപറിക്കാനും ശ്രമിച്ചതായും തുടർന്ന് നെഞ്ചിൽ തള്ളിമാറ്റിയ ശേഷം പ്രതികൾ ബുള്ളറ്റ് മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടതായും പരാതിയിലുണ്ട്.

സംഭവത്തെ തുടർന്ന് റെയിൽവേ പോലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വർക്കല ജനാർദ്ദനപുരം സ്വദേശികളായ ഹരികൃഷ്ണൻ, ഹരിശങ്കർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രത്യേക റെയിൽവേ പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം

റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച സമയത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കായി ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വർക്കലയിലേക്ക് ദിവസേന ആയിരക്കണക്കിന് യാത്രക്കാരും വിദേശ-ആഭ്യന്തര സഞ്ചാരികളും എത്തുന്ന സാഹചര്യത്തിൽ നിലവിലെ പോലീസ് സംവിധാനം പര്യാപ്തമല്ലെന്ന വിമർശനം ഉയരുകയാണ്.

തിരക്കേറിയ ഈ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും പ്രത്യേക റെയിൽവേ പോലീസ് സ്റ്റേഷനും ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ടൂറിസം മേഖലയെന്ന നിലയിൽ വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്ത് റെയിൽവേ സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *