Breaking News

സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലിടിച്ചു, വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്

ചിറയിൻകീഴ്: സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലിടിച്ച് അപകടം. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. ചിറയിൻകീഴ് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെയായിരുന്നു സംഭവം.

ആറ്റിങ്ങലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ഥാപനമായ മദർ ഇന്ത്യ ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ ബസ് ഡ്രൈവറായ ആറ്റിങ്ങൽ കൊടുമൺ വിജയഭവനിൽ മുരളീധരൻ നായർ (60) ആണ് മരിച്ചത്.

മുടപുരം ഭാഗത്ത് നിന്ന് വിദ്യാർത്ഥികളുമായി അഴൂർ ഭാഗത്തേക്ക് പോകുന്നതിനിടെ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനു സമീപം എത്തിയപ്പോൾ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ബസിലുണ്ടായിരുന്ന സ്കൂൾ ജീവനക്കാരി നിലവിളിച്ച് ഡ്രൈവറുടെ സമീപത്തേക്ക് എത്തിയെങ്കിലും നിയന്ത്രണം വിട്ട ബസ് ജംഗ്ഷനു സമീപത്തെ അടഞ്ഞുകിടന്ന കടയിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

നാട്ടുകാർ ഓടിയെത്തി ഡ്രൈവറെയും വിദ്യാർത്ഥികളെയും ബസിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുരളീധരൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിൽ വിദ്യാർത്ഥികളായ അൽഫൈസ് (12), അബൈദാസ് (13), ആദിഷ് (10), അദീഷ് (12) എന്നിവർക്കുൾപ്പെടെ കുട്ടികൾക്ക് നിസാര പരിക്കേറ്റു. അദീഷിന് പല്ലിന് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ കുട്ടികൾക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

സംഭവത്തെ തുടർന്ന് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുരളീധരൻ നായരുടെ ഭാര്യ പരേതയായ വിജയമ്മയാണ്. മക്കൾ: അജേഷ്, അജിത്ത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *