

നഗരൂര്‍: നഗരൂരില്‍ വയോധികയെ ആക്രമിച്ച കേസില്‍ പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതിനെതിരെ മകള്‍ രംഗത്ത്. നഗരൂര്‍ കടവിള ഷബാന മന്‍സിലില്‍ നബീസത്ത് ബീവി(58)യാണ് നഗരൂര്‍ പോലീസിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നബീസത്ത് ബീവിയുടെ അയല്‍വാസിയായ ബൈജുവാണ് നബീസത്ത് ബീവിയെയും മാതാവ് ജമീലാ ബീവി(85)യെയും ആക്രമിച്ചത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം. നബീസത്ത് ബീവിയുടെ പുരയിടത്തിലേക്ക് ചാഞ്ഞുനിന്ന പ്ലാവിന്റെ ശാഖകള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് അയല്‍വാസിയായ ബൈജുവിനെ പ്രകോപിപ്പിച്ചത്.


പ്ലാവിന്റെ ശിഖരം മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ജമീലാ ബീവിയെ പ്രതി ബൈജു ഇരുകവിളിലും അടിക്കുകയായിരുന്നു. ഇതുകണ്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ മകള്‍ നബീസത്ത് ബീവിക്കും മര്‍ദ്ദനമേറ്റു. 85 വയസ്സുള്ള വയോവൃദ്ധയെ ശക്തമായി പിടിച്ച് തള്ളി. വീഴ്ചയുടെ ആഘാതത്തില്‍ ചലനമറ്റ് കിടന്ന വൃദ്ധയുടെ മുകളിലേക്ക് നബീസത്ത് ബീവിയെയും തള്ളിയിട്ടു. തറയില്‍ തലയിടിച്ച് വീണ ജമീല ബീവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് സംഭവിക്കുകയും കൈക്ക് പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു.


പരിക്കേറ്റതിനെ തുടര്‍ന്ന് ജമീലാ ബീവിയും മകളും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നഗരൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് നബീസത്ത് ബീവി ആരോപിക്കുന്നത്. പ്രതിയെ പിടിക്കുന്നതില്‍ കാലതാമസം വരുത്തിയ പോലീസ് പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതിന് പിന്നില്‍ സ്വാധീനശക്തിയാണെന്നും അവര്‍ വ്യക്തമാക്കി.


തക്കതായ നടപടി സ്വീകരിക്കാമെന്ന് ആദ്യം ഉറപ്പ് നല്കിയ പോലീസ് ദുര്‍ബലമായ വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിക്കുനേരെ ആദ്യം ജാമ്യം ലഭിക്കാത്ത 326-ാം വകുപ്പ് ചുമത്തിയശേഷം പിന്നീട് അത് മാറ്റി ദുര്‍ബലമായ 325-ാം വകുപ്പ് ചേര്‍ക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടിയാണ് പോലീസ് ഇങ്ങനെ ചെയ്തത്-നബീസത്ത് ബീവി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഉടന്‍തന്നെ ഡി.ജി.പി, വനിതാ കമ്മീഷന്, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ച ഒരു സൈനികന്റെ വിധവയാണെന്ന പരിഗണനപോലും തനിക്ക് ലഭിച്ചില്ലെന്നും നബീസത്ത് ബീവി പറഞ്ഞു.


ജമീലാ ബീവി മകള്‍ നബീസത്ത് ബീവിയുമൊത്താണ് താമസം. പ്രതി ബൈജു ഇരുവരെയും ശക്തമായി പിടിച്ചുതള്ളുന്നത് ജമീലാ ബീവിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പിടിച്ചുതള്ളിയ ശേഷം ചലനമറ്റ നിലയില്‍ കിടക്കുന്ന ജമീലാ ബീവിയെ നോക്കി പ്രതിയും കുടുംബവും നടന്ന് അകലുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചലനമറ്റ് കിടന്ന ജമീല ബീവിയെ രക്ഷിക്കാനുള്ള യാതൊരുവിധ ശ്രമങ്ങളും പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് ദുര്‍ബല വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍വിട്ട് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് നഗരൂര്‍ പോലീസ് സ്വീകരിച്ചതെന്ന ആരോപണവുമായി നബീസത്ത് ബീവി രംഗത്തുവന്നിരിക്കുന്നത്.

