
ആറ്റിങ്ങൽ ബോയിസിലെ എൻ.എസ്.എസ് യൂണിറ്റ് മാണിക്യന് സ്നേഹഭവനം ഒരുക്കിയത് ആക്രിപെറുക്കിയും, ബിരിയാണി ചലഞ്ച് നടത്തിയും,തട്ടുകട നടത്തിയും.

ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥിയായ മാണികൃത്തിന് സ്നേഹ ഭവനം ഒരുങ്ങി. ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർത്ഥിയായ മാണിക്യം എന്ന വിദ്യാർത്ഥിക്കാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹഭവനം ഒരുക്കിയത്. ഭിന്നശേഷിക്കാരൻ കൂടിയായ മാണികൃത്തിന്റെ അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം തമിഴ്നാട്ടിൽ നിന്ന് ആറ്റിങ്ങലിൽ താമസമാക്കിയിട്ട് പതിനഞ്ച് വർഷമായി. മാണികൃത്തിന്റെ അച്ഛൻ പെരിയസ്വാമി പലഹാരം ഉണ്ടാക്കി കടകളിൽ വിറ്റ് അതിൽ നിന്നും കിട്ടുന്ന വരുമാനത്തിലായിരുന്നു വാടകവീട്ടിൽ താമസിച്ച് വരുന്ന ഇവരുടെ കുടുംബം കഴിഞ്ഞു വന്നത്. വീട് നിർമ്മിക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇവർ ആറ്റിങ്ങൽ പെപ്പ്ലൈൻ കോലാംകുഴിയിൽ 3 സെൻറ് വസ്തു സ്വന്തമായി വാങ്ങിയത്.ഒന്നര വർഷത്തിന് മുൻപ് വീടുപണി ആരംഭിക്കാൻ ഇരിക്കവെയാണ് മാണിക്യത്തിന്റെ സഹോദരി അസുഖബാധിതയായി മരണപ്പെട്ടത്. തുടർന്ന് ഒരു വർഷങ്ങൾക്കു മുൻപ് വീടിന്റെ പണി ആരംഭിക്കുന്നതിനായി അടിസ്ഥാനം നിർമ്മിച്ചു. എന്നാൽ ആറുമാസങ്ങൾക്കു മുൻപ് മാണിക്യത്തിന്റെ അമ്മയും മരണപ്പെട്ടു. അതോടെ മാണിക്യനും അച്ഛൻ പെരിയസ്വാമിയും മാനസികമായി തകർന്നു. വീട് പണിയും അവതാളത്തിലായി.

മാണിക്യത്തിന്റെ ഈ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാക്കിയ സ്കൂളിലെ ഐ.ഇ.ഡി ടീച്ചർ സോഫിയ ഈ വിവരങ്ങൾ എല്ലാം സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ബിനു എസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.തുടർന്ന് സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂട്ടികൾ അവരുടെ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ആക്രിസാധനങ്ങൾ വിറ്റും, സ്കൂളിൽ ഫുഡ് ഫെസ്റ്റ് വെൽ നടത്തിയും, ബിരിയാണി ചലഞ്ച് നടത്തിയും, കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിന് സ്കൂളിൽ തട്ടുകട നടത്തിയുമാണ് വീട് നിർമ്മിക്കുന്നതിനായി കുട്ടികൾ മൂന്നുലക്ഷം രൂപ കണ്ടെത്തിയത്. ഒരു ലക്ഷം രൂപ അധ്യാപകരും, പി.റ്റി.എയും ശേഖരിച്ചു. രണ്ട് മുറികളും ഹാളും കിച്ചനുമടങ്ങിയ 650 sqft വീട് നിർമ്മിക്കുന്നതിന് ജോലിക്കാരുടെ പങ്കും വളരെ വലുതായിരുന്നു. ഒട്ടുമിക്ക ജോലിക്കാരും പണിക്കൂലി വാങ്ങതെയാണ് വീട് പണിത് നൽകിയത്. മാണിക്കന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങ് എം.പി അടൂർ പ്രകാശ് നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡൻറ് വി.എസ് വിജുകുമാർ സ്വാഗതം ആശംസിച്ചു.നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ഷീബ.എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ,റീജിയണൽ കോ-ഓർഡിനേറ്റർ ബിനു പി.ബി വിശിഷ്ടാതിഥികളായി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, കൗൺസിലർമാരായ സുജി, സുധാകുമാരി, ജിഎച്ച്എസ്എസ് പൂവത്തൂർ പ്രിൻസിപ്പൽ അജിത.എസ്,എൻഎസ്എസ് ജില്ലാ കൺവീനർ ശ്രീജ, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ.എ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹസീന, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ, എസ്.എം.സി ചെയർമാൻ സലാഹുദ്ദീൻ,എംപിടിഎ പ്രസിഡൻറ് സൗമ്യ സന്തോഷ്,പിടിഎ വൈസ് പ്രസിഡൻറ് ഹരികുമാർ, പിടിഎ അംഗം ഭാഗ്യലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, വിഎച്ച്എസ്ഇ സ്റ്റാഫ് സെക്രട്ടറി ജിമ്മി.വൈ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ബിനു.എസ് നന്ദിയും രേഖപ്പെടുത്തി.
