Breaking News

കെജ്‌രിവാളിന്റെ അറസ്റ്റ്: വന്‍ പ്രതിഷേധം; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡിയുടെ നീക്കം

ദില്ലി: മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ദില്ലി ഐ.ടി.ഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡില്‍ കിടന്നുകൊണ്ടാണ് എ.എ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

അതേസമയം, അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് അറസ്റ്റെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രതികരിച്ചു. ബി.ജെ.പി സര്‍ക്കാരിനെ ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി വിമര്‍ശിച്ചു. അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെ വിചാരണക്കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് ഇ.ഡിയുടെ നീക്കം.

Related posts

Leave a Reply

Your email address will not be published. Required fields are marked *