
കമ്പം: കമ്പം ടൗണില്‍ അക്രമാസക്തനായ അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. ഇതിനായി കുങ്കിയാനകളെ കമ്പത്ത് എത്തിക്കാനുള്ള നീക്കം തുടങ്ങി. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. അരിക്കൊമ്പന്‍ ഇതിനോടകം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തിയത്.
അതേസമയം കമ്പത്തെയും പരിസരപ്രദേശങ്ങളിലും തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള നീക്കമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയ ചിന്നക്കലാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. കമ്പം ടൗണില്‍നിന്ന് ഏകദേശം 90 കി.മീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്.
ഇന്നലെവരെ വനം മേഖലയില്‍ ആയിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് ജനവാസകേന്ദ്രമായ കമ്പത്തെത്തിയത്. ഒരു ദേശീയപാതകൂടി മുറിച്ചുകടന്നാല്‍ അരിക്കൊമ്പന്‍ ചിന്നക്കനാല്‍ ഭാഗത്തെത്തും. അരിക്കൊമ്പന്റെ പരാക്രമം തമിഴ്‌നാട്ടിലെ കമ്പത്താണെങ്കിലും അതിന്റെ അലയൊലികള്‍ കേരള സര്‍ക്കാരിനെയും അസ്വസ്ഥമാക്കുന്നുണ്ട്. അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയ നീക്കം ശരിയായിരുന്നോയെന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയര്‍ന്നേക്കാമെന്നതാണ് ഇതിന് കാരണം.
