

ആറ്റിങ്ങല്‍: വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വാമനപുരത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. നിയോജക മണ്ഡല തലത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2 മണിക്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്യാമ്പ് വാമനപുരം എം.എല്‍.എ അഡ്വ.ഡി.കെ.മുരളി ഉദ്ഘാടനം ചെയ്യും. മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരായ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനായി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ എക്സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന പദ്ധതിയായ വിമുക്തിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാളെ വാമനപുരം നിയോജക മണ്ഡലത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് വാമനപുരം എക്സൈസ് റേഞ്ച് ഓഫീസ് അറിയിച്ചു.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.ആര്.സ്വരൂപ് സ്വാഗതം പറയും. വിമുക്തി തിരുവനന്തപുരം ജില്ലാ മാനേജര്‍ കെ.ആര്.അജയ് മുഖ്യപ്രഭാഷണം നടത്തും. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിഘ്നേഷ് വിഷയം അവതരിപ്പിക്കും. വാമനപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജി.മോഹന്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തും. നിയോജക മണ്ഡലത്തിലെ വ്യാജമദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനം, ഉപയോഗം എന്നിവയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, വഹരിമോചന ചികിത്സ, കൗണ്‍സിലിംഗ് എന്നിവ ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, മണ്ഡലത്തിലെ പ്രശ്നബാധിത സ്കൂളുകളിലും പ്രദേശങ്ങളിലും നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ലഹരി മരുന്ന് വില്‍പ്പനയെ കുറിച്ചും ഉപയോഗത്തെ കുറിച്ചുമുള്ള പരാതികള്‍ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകളും എക്സൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. എക്സൈസ് കമ്മീഷണര്‍-9447 17 8000, 9061 17 8000, ജില്ലാ കണ്ട്രോള് റൂം- 0471 2473149, വാമനപുരം എക്സൈസ് റേഞ്ച് ഓഫീസ്- 9400 06 9421, 0472 2837505. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞാല്‍ അറിയിക്കേണ്ട നമ്പര്‍ (നേര്‍വഴി)- 9656 17 8000.
