Breaking News

കര്‍ഷക നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി: ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക ബില്ലിനെതിരായി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രക്ഷോഭം തുടരവെ കേരളം കര്‍ഷക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. ബിജെപി അംഗം ഒ.രാജഗോപാല്‍ വോട്ടെടുപ്പില്‍ എതിര്‍പ്പ് രേഖപ്പെടുത്താത്തതിനാല്‍ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ കൂടിയ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. കാര്‍ഷിക നിയമങ്ങളില്‍ വരുത്തിയ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. പ്രക്ഷോഭം തുടരുന്നത് കേരളത്തെയും ബാധിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണ്.
സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
പ്രമേയ അവതരണ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ നിലപാടിനെതിരെ രംഗത്തുവന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശകളെ തള്ളാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ചില്ലെന്ന കെ.സി. ജോസഫ് വിമര്‍ശനം ഉന്നയിച്ചു. ഗവര്‍ണറെ ഔദ്യോഗിക വസതിയില്‍ പോയി കാണുന്നതില്‍ അപാകതയൊന്നുമില്ലന്നും ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നതിനെ കാലുപിടിത്തമായി കാണേണ്ടതില്ലെന്നും ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കി.
മുഖ്യമന്ത്രിയുടെ പ്രമേയത്തെ പ്രതിപക്ഷത്തുനിന്ന് അനുകൂലിച്ചത് കെ.സി.ജോസഫാണ്. കര്‍ഷക പ്രക്ഷോഭം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്നമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാണി.സി.കാപ്പനും പാര്‍ലമെന്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് അനൂപ് ജേക്കബും പറഞ്ഞു.
അതേസമയം, പ്രമേയത്തെ വോട്ടെടുപ്പില്‍ എതിര്‍ക്കാതിരുന്ന ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ കേന്ദ്ര നിയമം കര്‍ഷക താത്പര്യത്തിന് യോജിച്ചതാണെന്നും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ട നിയമമാണിതെന്നും പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *