Breaking News

ഡമോക്രാറ്റിക് സ്പിരിറ്റെന്ന് ഒ.രാജഗോപാല്‍; വെട്ടിലായത് ബി.ജെ.പി സംസ്ഥാന ഘടകം

ഒ.രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാത്തത് ഡെമോക്രാറ്റിക് സ്പിരിറ്റായി കാണണമെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. കാര്‍ഷിക ബില്ലിനെതിരായി കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞ ഒ.രാജഗോപാല്‍ അതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും വ്യക്തമാക്കി. എന്നാല്‍, പ്രമേയത്തില്‍ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് പറഞ്ഞ രാജഗോപാല്‍ ഒന്നിച്ചു നില്‍ക്കണമെന്ന പൊതു അഭിപ്രായം സ്വീകരിക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കാരനായതുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ എതിര്‍ക്കുന്നത് ശരിയല്ല. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അതേസമയം, രാജഗോപാലിന്റെ നിലപാടില്‍ വെട്ടിലായിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ഘടകം. കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. എന്നാല്‍ ഇനി സംസ്ഥാന സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിക്കാന്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടാണ്.
സംസ്ഥാന സര്‍ക്കാരും യു.ഡി.എഫും ഒന്നടങ്കം ബി.ജെ.പിയുടെ വിമര്‍ശനങ്ങളെ നേരിടുന്നത് രാജഗോപാലിന്റെ നിലപാട് ഉയര്‍ത്തിക്കാട്ടിയാവും. ബി.ജെ.പിയുടെ എം.എല്‍.എയ്ക്ക് പോലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ തള്ളിപ്പറയേണ്ടി വന്നില്ലേയെന്ന ചോദ്യത്തെ എങ്ങനെ നേരിടുമെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ഇപ്പോള്‍ ആലോചിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *