

വാഷിങ്ടന്‍: അദാനിക്ക് പിന്നാലെ ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിട്ട് വീണ്ടും യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. ജോര്‍ജ് സോറോസ്, റോക്ക് ഫെല്ലര്‍ ബ്രദേഴ്‌സ് എന്നിവരുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒ.സി.സി.ആര്‍.പി) എന്ന സംഘടന ഇന്ത്യയിലെ ചില കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണത്തിന് തയാറെടുക്കുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് അദാനി ഗ്രൂപ്പിനെ മാത്രമല്ല ഇന്ത്യന്‍ വിപണിയെ തന്നെ ദോഷകരമായി സ്വാധീനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയിലെ മറ്റു ചില കമ്പനികളെ കൂടി ‘തുറന്നു കാട്ടാന്‍’ ഒ.സി.സി.ആര്‍.പി തയാറെടുക്കുന്നത്. എന്നാല്‍, ഒ.സി.സി.ആര്‍.പിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികളെ താറടിച്ചു കാണിച്ച് ഇന്ത്യന്‍ വിപണിയെ പിന്നോട്ടടിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കോവിഡിന് ശേഷം വിവിധ രാജ്യങ്ങളിലെ ആപ്പിള്‍, ടെസ്‌ല പോലുള്ള ഭീമന്‍ അന്താരാഷ്ട്ര കമ്പനികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇടം വിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്ന സ്ഥിതിവേശഷം കണക്കിലെടുക്കുമ്പോള്‍ ആ വഴിക്കുകൂടി ചിന്തിക്കേണ്ടതുണ്ട്. ജനസംഖ്യ കണക്കിലെടുത്താല്‍ ഏതൊരു കമ്പനിയും ആഗ്രഹിക്കുന്ന വിപണിയാണ് ഇന്ത്യ എന്നത് ഒരു വസ്തുതയാണ്. ആ സാധ്യത പരിഗണിച്ച് അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നാല്‍ അത് പല രാജ്യങ്ങള്‍ക്കും തിരിച്ചടിയാകും.
ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഇന്ത്യന്‍ വിപണിയെ മന്ദഗതിയിലാക്കി ഇന്ത്യന്‍ വിപണിയിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ പിന്തിരിപ്പിക്കാനുള്ള നീക്കമാണോ ഒ.സി.സി.ആര്‍.പി എന്ന സംഘടന നടത്തുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, കഴിഞ്ഞ ജനുവരി 24ന് അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ അദാനിയുടെ ഓഹരി തട്ടിപ്പ് വിവാദം ഇന്ത്യയില്‍ മോദിയുടെ തകര്‍ച്ചയുടെ തുടക്കമാകുമെന്ന് ജോര്‍ജ് സോറോസ് പറഞ്ഞിരുന്നു. സാമ്പത്തിക മേഖലയില്‍നിന്ന് വ്യതിചലിച്ച് കൃത്യമായ രാഷ്ട്രീയമായിരുന്നു ജോര്‍ജ് സോറോസിന്റെ വാക്കുകളില്‍ നിഴലിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനത്തിന് വഴി തുറക്കുമെന്നും ജോര്‍ജ് സോറോസ് പറഞ്ഞിരുന്നു. ഒ.സി.സി.ആര്‍.പി പോലെ രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ചും സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഒരു സംഘടനയ്ക്ക് പുനരുജ്ജീവനത്തിന്റെ പാത തുറക്കാന്‍ തക്കവണ്ണം ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നിരിക്കെ ജോര്‍ജ് സോറസിന്റെ വാക്കുകളുടെയും പ്രവര്‍ത്തിയുടെയും ഉദ്ദേശശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു കമ്പനി അതിന്റെ ഉപഭോക്താക്കളെ ഏതെങ്കിലും വിധത്തില്‍ വഞ്ചിക്കുന്നു എന്നുണ്ടെങ്കില്‍ അക്കാര്യം തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ച് തങ്ങളുടെ സാമ്പത്തിക രംഗത്തെ കണ്ടെത്തല്‍ ഒരു രാഷ്ട്രത്തിന്റെ ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും, ഒരു രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്നുമുള്ള പ്രസ്താവനകളുടെ ആവശ്യമെന്ത് എന്ന ചോദ്യം ന്യായമാണ്.

വിവിധ രാജ്യങ്ങളിലായി ഇരുപത്തിയഞ്ചോളം ഓഫീസുകള്‍ ഒ.സി.സി.ആര്‍.പി എന്ന സംഘടനയ്ക്കുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അന്വേഷണ കേന്ദ്രങ്ങളുടെ കൂട്ടായ്മ എന്നാണ് ഈ സംഘടന സ്വയം അവകാശപ്പെടുന്നത്. വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളെ കുറിച്ച് സാമ്പത്തിക അന്വേഷണങ്ങള്‍ നടത്തുകയും അന്വേഷണത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങളുടെ റിപ്പോര്‍ട്ട് ലേഖനങ്ങളും മറ്റുമായി പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് ഒ.സി.സി.ആര്‍.പിയുടെ പ്രവര്‍ത്തന രീതി. ഇവര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ വിവിധ മാധ്യമസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെയാണ് ലേഖനങ്ങളായി പ്രസിദ്ധീകരിക്കുന്നത്.
ലോകമെമ്പാടുമുള്ള സമൂലപരിഷ്‌കരണത്തിനു ധനസഹായം നല്‍കുന്ന ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തങ്ങളുടെയും ധനസഹായ സ്ഥാപനങ്ങളില്‍ ഒന്നാണെന്ന് ഒ.സി.സി.ആര്‍.പി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2006 ല്‍ സ്ഥാപിതമായ ഒ.സി.സി.ആര്‍.പി സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ വൈദഗ്ധ്യം നേടിയതായി അവകാശപ്പെടുന്നുണ്ട്. ഫോര്‍ഡ് ഫൗണ്ടേഷന്‍, ഓക് ഫൗണ്ടേഷന്‍, റോക്‌ഫെല്ലര്‍ ബ്രദേഴ്‌സ് എന്നിവരാണ് മറ്റു ധനസഹായ സ്ഥാപനങ്ങള്‍.
