

ആറ്റിങ്ങല്‍: മണമ്പൂര്‍ പഞ്ചായത്തിലെ 56 നമ്പര്‍ റേഷന്‍ കട കെ-സ്റ്റോറായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെരഞ്ഞെടുത്തു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഒ.എസ്.അംബിക എംഎല്‍എ വലിയവിളയില്‍ ഉള്ള റേഷന്‍ കടയില്‍ നിര്‍വഹിച്ചു..
സാധാരണ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ എല്ലാത്തരം സാധനങ്ങളും ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് കെ സ്റ്റോറുകള്‍ ആരംഭിച്ചിട്ടുള്ളതെന്നും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ രണ്ടാമത്തെ കെ-സ്റ്റോറാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും എംഎല്‍എ അറിയിച്ചു. 2016 മുതല്‍ 13 ഇനം അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിലയില്‍ യാതൊരു വര്‍ധനവും വരുത്താതെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കിവരുന്നതിനു പുറമേയാണ് കെ-സ്റ്റോറുകളിലും വിവിധതരം സാധനങ്ങള്‍ ലഭ്യമാക്കുന്നത്.

സപ്ലൈകോയുടെ തനത് ഉല്‍പ്പന്നമായ ശബരി, മില്‍മ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടര്‍ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ പ്രാദേശിക ചെറുകിട സംരംഭകര്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന 96 ഇനം സാധനങ്ങള്‍ കെ-സ്റ്റോര്‍ വഴി ലഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. കൂടാതെ എല്ലാത്തരം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനും 10000 രൂപ വരെ പണം പിന്‍വലിക്കാന്‍ ഉള്ള സംവിധാനവും കെ-സ്റ്റോറില്‍ ലഭ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കല താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു വി.സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി വി തമ്പി, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനാഫ്.എം, പി.സുരേഷ് കുമാര്‍, മുഹമ്മദ് റഷീദ്, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റിയാസ്, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് സജീവ്, ബിജെപി ജില്ലാ കമ്മിറ്റിയംഗം എന്‍.എസ്.രവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ്.വി രേഖപ്പെടുത്തി.

