Breaking News

പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസ്: പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുമ്പളം കുറ്റേപ്പറമ്പില്‍ സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സഫര്‍ ഷാ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 2020 ജനുവരി 7 നാണ് സഫര്‍ ഷാ തന്റെ സുഹൃത്തായ ആലപ്പുഴ തുറവൂര്‍ സ്വദേശിയായ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ വിദ്യാര്‍ത്ഥിനിയെ കത്തികൊണ്ട് കുത്തി കൊന്നതെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.

കൊച്ചിയിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഉച്ചയോടെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്ത് മണിക്കൂറിന് ശേഷം അര്‍ധരാത്രിയോടെ വാല്‍പ്പാറയിലെ തോട്ടത്തില്‍നിന്ന് പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് പ്രതി വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റികൊണ്ടുപോയി വാല്‍പ്പാറയില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറില്‍വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ 4 കുത്തുകളാണേറ്റിരുന്നത്. കൂടാതെ ദേഹമാസകലം ചെറുതും വലുതുമായ ഇരുപതോളം മുറിവുകളും മൃതദേഹത്തില്‍ ഉണ്ടായിരുന്നു.

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ അന്വേഷണം. അതേസമയം, സഫര്‍ ഷാ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സര്‍വീസിന് കൊണ്ടുവന്ന കാര്‍ മോഷണം പോയതായും ജീവനക്കാരനായ സഫര്‍ ഷായെ കാണാനില്ലെന്നും സര്‍വീസ് സ്റ്റേഷന്‍ അധികൃതര്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മരടില്‍നിന്ന് മോഷണം പോയ കാര്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം മലക്കപ്പാറ പോലീസിന് ലഭിച്ചു.

മലക്കപ്പാറ പോലീസ് കാറിനെ പിന്തുടരുകയും വാല്‍പ്പാറ ചെക്ക്‌പോസ്റ്റ് കടക്കുന്നതിന് മുമ്പ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ഫാള്‍ പൊലീസ് കാര്‍ തടയുകയും ചെയ്തു. തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് സഫറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മലക്കപ്പാറ പോലീസ് പ്രതിയെയും കൂട്ടി നടത്തിയ തെരച്ചിലിനൊടുവില്‍ നാല് മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *