

വര്‍ക്കല: വര്‍ക്കല ചെറുന്നിയൂരില്‍ ഒരാഴ്ച മുമ്പ് നടന്ന മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം വെളിനെല്ലൂര്‍ ഓയൂര്‍ കൊക്കാട് റിയാസ് മന്‍സിലില്‍ ഫാത്തിമുത്തിന്റെ മകള്‍ നുഫൈസ ബീവി(50)യാണ് അറസ്റ്റിലായത്. ഏപ്രല്‍ 24 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. ചെറുന്നിയൂര്‍ കാറാത്തല ഗ്രീന്‍ ലാന്‍ഡ് ഹൗസിലെ ജനല്‍കമ്പി അറുത്ത് മാറ്റിയാണ് പ്രതി അകത്തുകയറിയത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം എന്നാൽ വീട്ടുജോലിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് അവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്. വീട്ടുജോലിക്കാരിയായ നുഫൈസ ബീവി തൻറെ മകൻറെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്നും മോഷണ മുതലുകൾ ആ വീട്ടിൽ തന്നെ അടുക്കള ഭാഗത്ത് ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
പ്രതി അലമാരയില്‍ ഉണ്ടായിരുന്ന നാലര പവനോളം വരുന്ന സ്വര്‍ണ്ണമാല ഉള്‍പ്പെടെ പതിനൊന്നരപവനോളം ആഭരണങ്ങളും 55,000 രൂപയും കവര്‍ന്നെടുത്തിരുന്നു. തുടർന്ന് വർക്കല പോലീസ് നുഫൈസ ബീവിയുമായി മോഷണം നടന്ന വീട്ടിലെത്തുകയും തൊണ്ടിമുതലുകൾ കണ്ടെടുക്കുകയും ചെയ്തു. മോഷണത്തിന് സഹായിച്ച ഇവരുടെ മകനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







