Breaking News

വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു; സ്പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി

ശ്രീരാമകൃഷ്ണന്‍, സ്വപ്‌ന

കൊച്ചി: നിയമസഭ സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്ന മൊഴിയില്‍ വിശദീകരിക്കുന്നത്. മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയെന്നും അതിനുവേണ്ടി ഭൂമി സൗജന്യമായി ലഭിക്കുന്നതിന് ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയുടെ ഫലമായി ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
സ്പീക്കര്‍ എന്തിനാണ് മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ വിദേശത്ത് തുടങ്ങാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് സ്പീക്കര്‍ക്ക് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നാണ് സ്വപ്ന ഉത്തരം നല്‍കിയത്. കോളേജിന്റെ ശാഖകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്താന്‍ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *