
വര്‍ക്കല: നിയമവിരുദ്ധമായി സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ബങ്ക് നീക്കം ചെയ്ത നടപടിയില്‍ വെട്ടിലായി വര്‍ക്കല നഗരസഭ അധികൃതര്‍. അയിരൂര്‍ കളത്തറ സ്വദേശിയായ ഷാന്‍.എം.എസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ വര്‍ക്കല അണ്ടര്‍ പാസേജിന് സമീപം സ്ഥിതിചെയ്യുന്ന സ്വകാര്യ ഭൂമിയിലാണ് ബങ്ക് സ്ഥാപിച്ചിരുന്നത്. പിടിച്ചെടുത്ത ബങ്ക് നഗരസഭ കാര്യാലയ വളപ്പില്‍ വെട്ടിപ്പൊളിച്ച നിലയാണുള്ളത്.
ബങ്ക് യാതൊരുവിധ ആവശ്യത്തിനും ഉപയോഗിച്ചിരുന്നുമില്ല. എന്നാല്‍, ഈ ബങ്ക് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നഗരസഭ നീക്കംചെയ്യുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഉദ്യോഗസ്ഥരുടെ നടപടി ചോദ്യംചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ നടപടി നിയമ വിരുദ്ധമാണെന്ന് നഗരസഭ ചെയര്‍മാനുതന്നെ ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. സ്വകാര്യ ഭൂമിയില്‍ നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെ ഒരു ബങ്ക് പ്രവര്‍ത്തനം തുടങ്ങിയാല്‍പോലും ഉടമസ്ഥന് പൊളിച്ചുമാറ്റാനുള്ള നോട്ടീസ് നല്‍കിയ ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ പാടുള്ളൂ. അങ്ങനെയിരിക്കെ പ്രവര്‍ത്തനം പോലും തുടങ്ങാതെ സ്വകാര്യ ഭൂമിയില്‍ വച്ചിരുന്ന ബങ്ക് പിടിച്ചെടുത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

2005-ല്‍ താന്‍ വിലകൊടുത്തു വാങ്ങിച്ച വസ്തുവിലാണ് ബങ്ക് വച്ചിരുന്നത്. അതാകട്ടെ ഒരാവശ്യത്തിനും ഉപയോഗിച്ചിരുന്നുമില്ല. സെന്റിന് നാലര ലക്ഷം രൂപ കൊടുത്താണ് വസ്തു വാങ്ങിച്ചതെന്നും വസ്തുവിന്റെ ഉടമസ്ഥന്‍ ഷാന്‍.എം.എസ് പറഞ്ഞു. ചെയര്‍മാനോട് വിഷയം പറഞ്ഞപ്പോള്‍ മതിയായ രേഖകളുമായി വരാന്‍ പറഞ്ഞു. രേഖകളുമായി താന്‍ ചെന്നപ്പോള്‍ തിങ്കളാഴ്ച തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ മേല്‍നടപടികള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഒരാള്‍ അയാളുടെ സ്വന്തം പേരില്‍ കരമടയ്ക്കുന്ന വസ്തുവില്‍ ഒരു ബങ്ക് വച്ചാല്‍ നഗരസഭയ്ക്ക് അത് നീക്കം ചെയ്യാന്‍ എന്താണധികാരമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചോദിക്കുന്നു. പൊതുജനങ്ങള്‍ക്കോ പൊതുഗതാഗതത്തിനോ യാതൊരുവിധ തടസ്സവും സൃഷ്ടിക്കാതെ സ്വകാര്യ ഭൂമിയില്‍ വച്ചിരുന്ന ബങ്കാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നഗരസഭ സെക്രട്ടറിയും ചേര്‍ന്ന് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി പിടിച്ചെടുത്ത ബങ്ക് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണെന്നും ഇതുകാരണം ബങ്കിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ അതിനുവേണ്ടി കോടതിയില്‍ പോകാന്‍ തയാറാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.