
കല്ലമ്പലം: പാരിപ്പള്ളി ജംഗ്ഷനു സമീപം റെഡിമിക്‌സ് നിറച്ച ലോറി റോഡിന് കുറുകെ മറിഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കല്ലമ്പലം ഫയര്‍ഫോഴ്‌സ് ഉടന്‍തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിവൈഡറില്‍ തട്ടി മറിഞ്ഞ ലോറിയില്‍നിന്നും ഡീസല്‍ റോഡിലേക്ക് പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായി.
12.30 ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ വെളുപ്പിന് നാലരയോടെയാണ് അവസാനിച്ചത്. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു. തോന്നയ്ക്കലില്‍നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം റോഡില്‍നിന്നും സുരക്ഷിതമായി നീക്കിയത്.

ലോറിയില്‍നിന്നും ഡീസല്‍ റോഡിലേക്ക് പടര്‍ന്നത് തീപിടിത്തത്തിന് കാരണമായേക്കുമെന്നതിനാല്‍ വളരെ കരുതലോടെയായിരുന്നു ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സീനിയര്‍ ഫയര്‍ ഓഫീസര്‍ മുരളി, ഫയര്‍ ഓഫീസര്‍മാരായ സനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, റോബര്‍ട്ട്.എസ്.തോമസ്, അനീഷ്, പ്രിയരാഗ്, മുകേഷ് കുമാര്‍, ഹോം ഗാര്‍ഡ് മോഹനന്‍പിള്ള തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.