Breaking News

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചില്ല; വര്‍ക്കലയിലെ സ്വകാര്യ ലാബ് ഉപരോധിച്ചു

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് വര്‍ക്കലയിലെ സ്വകാര്യ ലാബ് ഡി.വൈ.എഫ്.ഐ ഉപരോധിച്ചപ്പോള്‍

വര്‍ക്കല: കോവിഡ് രോഗനിര്‍ണ്ണയത്തിനുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് വര്‍ക്കലയിലെ സ്വകാര്യ ലാബ് ഡി.വൈ.എഫ്.ഐ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് കമ്മിറ്റിയാണ് ഉപരോധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
1700 രൂപയായിരുന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്ന നിലപാടാണ് ലാബ് അധികൃതര്‍ സ്വീകരിച്ചത്. ഇതോടെയാണ് ഡി.വൈ.എഫ്.ഐ ഉപരോധ സമരത്തിലേക്ക് നീങ്ങിയത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
ഉപരോധത്തിലേക്ക് നീങ്ങിയതോടെ വര്‍ക്കല പോലീസ് രംഗത്തെത്തി. വര്‍ക്കല പോലീസും ലാബ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പുതുക്കി നിശ്ചയിച്ച കുറഞ്ഞ നിരക്ക് മാത്രമേ പൊതുജനങ്ങളില്‍നിന്നും ഈടാക്കൂവെന്ന് ഉറപ്പ് നല്‍കുകയും നിരക്ക് വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിച്ചതോടെയുമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
ഡി.വൈ.എഫ്.ഐ വര്‍ക്കല ബ്ലോക്ക് സെക്രട്ടറി ലെനിന്‍ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ്, ജില്ല കമ്മിറ്റിയംഗം റിയാസ് ബാബു, ബ്ലോക്ക് സെന്റര്‍ അംഗങ്ങള്‍ മനുരാജ്, വിമല്‍ മിത്ര എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *