Breaking News

ആറ്റിങ്ങലില്‍ ലോറിയില്‍ എത്തിച്ച ഒരു ലോഡ് ഖരമാലിന്യങ്ങള്‍ തോട്ടില്‍ ഒഴുക്കി

സാമൂഹ്യ വിരുദ്ധര്‍ തോട്ടിലേക്ക് ഒഴുക്കിവിട്ട ഖരമാലിന്യത്തിന്റെ ഒരു ഭാഗം

ആറ്റിങ്ങല്‍: ചാക്ക് കെട്ടുകളിലാക്കി ലോറിയില്‍ എത്തിച്ച ഒരു ലോഡ് ഖരമാലിന്യങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ തോട്ടില്‍ ഒഴുക്കിയത്. ആറ്റിങ്ങല്‍ അയിലം റോഡിലെ കരിച്ചിയില്‍ ഏലയില്‍ കൂടി ഒഴുകി വാമനപുരം നദിയിലേക്ക് പതിക്കുന്ന തോട്ടിലേക്കാണ് ലോറിയില്‍ എത്തിച്ച ഖരമാലിന്യം ഒഴുക്കിവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

കരിച്ചിയില്‍ ശിവസേന ഓഫീസിന് മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നും മാലിന്യങ്ങല്‍ തോട്ടിലേക്ക് നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരം വാര്‍ഡ് കൗണ്‍സിലര്‍ രാജഗോപാലന്‍ പോറ്റിയെ വിളിച്ച് അറിയിക്കുകയായിരുന്നു.

എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥലത്തെത്തുമ്പോഴേക്കും മാലിന്യം തോട്ടിലേക്ക് നിക്ഷേപിച്ച ശേഷം സാമൂഹ്യവിരുദ്ധര്‍ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. ചാക്കുകെട്ടുകള്‍ തോട്ടില്‍ നിറഞ്ഞതോടെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം റോഡില്‍ കൂടി ഒഴുകാന്‍ തുടങ്ങിയതും കാരണം ഏറെ നേരം ഈ റോഡുകളില്‍ കൂടിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കാണ്‍സിലര്‍ ഈ വിവരം നഗരസഭ ചെയര്‍പേഴ്‌സനെയും ആരോഗ്യവിഭാഗത്തെയും അറിയിച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയും തോട്ടില്‍ കിടന്ന ഏറെക്കുറെ ചാക്കുകെട്ടുകള്‍ നീക്കം ചെയ്ത് ജലത്തിന്റെ ഒഴുക്ക് പുനസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ തോട്ടിലൊഴുക്കിയ ഭൂരിഭാഗം മാലിന്യം നിറഞ്ഞ ചാക്കുകെട്ടുകളും തോട് കടന്നുപോകുന്ന പനവേലിപറമ്പ് വഴി വാമനപുരം നദിയിലേക്ക് എത്തി. തോട്ടില്‍ നിന്ന് എടുത്ത ചാക്കുകെട്ടുകള്‍ പരിശോധന നടത്തിയതില്‍ നിന്നും ആക്രിക്കടയില്‍ നിന്നുള്ള മാലിന്യം ആണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ ഇതിന് മുന്‍പും സാമൂഹ്യവിരുദ്ധര്‍ വലിയ വാഹനങ്ങളില്‍ എത്തിച്ച് ലോഡ് കണക്കിന് ഖരമാലിന്യങ്ങള്‍ ഒഴിഞ്ഞ പുരയിടത്തില്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും നഗരസഭ ഇടപ്പെട്ട് മാലിന്യങ്ങള്‍ ഇവിടെ മാറ്റിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തള്ളുന്ന ലോഡ് കണക്കിന് മാലിന്യം മാറ്റുന്നത് നിരപരാധിയായ പുരയിടത്തിന്റെ ഉടമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

നഗരസഭ ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ഇതുപോലുള്ള നടപടികള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പണം വാങ്ങി ടിപ്പര്‍ ലോറികളില്‍ എത്തിക്കുന്ന ഉത്തരത്തിലുള്ള മാലിന്യങ്ങള്‍ ഒഴിഞ്ഞ പുരയിടങ്ങളില്‍ തള്ളുന്ന ഒരു സംഘം തന്നെ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *