

ആറ്റിങ്ങല്‍: ജോലിക്കിടെ മരണപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ സ്മരണാര്‍ത്ഥം സൗജന്യ പഠനകേന്ദ്രം ഒരുങ്ങി. ആറ്റിങ്ങല്‍ കൃഷ്ണപുരം റസിഡന്റ് അസോസിയേഷനാണ് മാതൃകാപരമായ സംരംഭത്തിന് തുടക്കം കുറിച്ചത്. സേവനം ജീവിത വ്രതമാക്കിയ തങ്ങളുടെ പ്രിയപ്പെട്ട അസോസിയേഷന്‍ അംഗത്തിന്റെ നിത്യസ്മരണയ്ക്കായാണ് രഞ്ജിത്ത് മെമ്മോറിയല്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ എന്ന പേരില്‍ ആറ്റിങ്ങല്‍ എല്‍.എം.എസ് ജംഗ്ഷന്‍ കേന്ദ്രമായി ഒരു സൗജന്യ പഠന കേന്ദ്രം കൃഷ്ണപുരം റസിഡന്റ് അസോസിയേഷന്‍ ആരംഭിച്ചത്.

കഴിഞ്ഞ മേയില്‍ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ഉണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ ജീവന്‍ മരണം തട്ടിയെടുത്തത്. മത്സര പരീക്ഷകള്‍ക്ക് സുഹൃത്തുക്കളെ സജ്ജരാക്കുന്നതില്‍ അതീവ തത്പരനായിരുന്നു രഞ്ജിത്. അതുകൊണ്ടുകൂടിയാണ് തങ്ങളുടെ പ്രിയപ്പെട്ട അസോസിയേഷന്‍ അംഗത്തിന് ഉചിതമായ സ്മാരകം ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്ന തീരുമാനത്തിലേക്ക് കൃഷ്ണപുരം റസിഡന്റ് അസോസിയേഷന്‍ എത്തിയത്.

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ബാങ്കിംഗ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്ക് അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ സജ്ജരാക്കുകയും ലക്ഷ്യബോധമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്നതാണ് രഞ്ജിത്ത് മെമ്മോറിയല്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ അത്യന്തികമായ ലക്ഷ്യം. രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ രഞ്ജിത്തിന്റെ മരണം നാടിനെയൊട്ടാകെ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു.
