Breaking News

വര്‍ക്കലയില്‍ ട്രെയിനിനടിയില്‍ അകപ്പെട്ട അഞ്ച് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു; തുണയായത് ലോക്കോ പൈലറ്റിന്റെ ഇടപെടല്‍

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിനിനടിയില്‍ അകപ്പെട്ട അഞ്ച് വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. ലോക്കോ പൈലറ്റിന്റെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് പുനര്‍ജന്മം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ കുട്ടിക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. തിങ്കളാഴ്ച രാത്രി 8.45 നായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുവാനായി മുത്തശിക്കും അമ്മയ്ക്കും ഒപ്പമാണ് കുട്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ആ സമയം രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ജനശതാബ്ദി ട്രെയിനിന്റെ എഞ്ചിന് തൊട്ടുപിറകിലുള്ള കംപാര്‍ട്ട്‌മെന്റില്‍ മൂവരും കയറി.

എന്നാല്‍, ആ ട്രെയിനില്‍ റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂവെന്ന് മനസിലാക്കിയതോടെ മൂവരും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് ചാടിയിറങ്ങി. കുട്ടിയുടെ അമ്മ സുരക്ഷിതയായി പുറത്തുചാടിയെങ്കിലും മുത്തശ്ശി തലയിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വീണു. ഇതിനിടെ കുട്ടി ട്രെയിനിന്റെ അടിയില്‍ അകപ്പെടുകയും ചെയ്തു. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞുവെന്ന് കരുതിയ നിമിഷങ്ങള്‍. ബഹളം കേട്ട് എഞ്ചിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ലോക്കോ പൈലറ്റ് ഒരു നിമിഷംപോലും പാഴാക്കാതെ ട്രെയിന്‍ നിര്‍ത്തി. സംഭവ സ്ഥലത്തേക്ക് ഓടിക്കൂടിയവര്‍ ചേര്‍ന്ന് കുട്ടിയെ ട്രാക്കില്‍നിന്നും പുറത്തെടുത്തു.

മുത്തശ്ശിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പത്ത് മിനിട്ടോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് യാത്ര തുടര്‍ന്ന ഇതേ ട്രെയിനില്‍തന്നെ കുട്ടിക്കും അമ്മയ്ക്കും മുത്തശ്ശിക്കും യാത്ര ചെയ്യാന്‍ റെയില്‍വേ അധികൃതര്‍ സൗകര്യമൊരുക്കി. പരിക്കേറ്റ സ്ത്രീ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായാണ് ലഭിക്കുന്ന വിവരം. നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറുന്നതും ട്രെയിന്‍ പൂര്‍ണ്ണമായും നിര്‍ത്തുന്നതിന് മുമ്പ് ചാടിയിറങ്ങുന്നതും അപകടമാണെന്ന മുന്നറിയിപ്പുകള്‍ റെയില്‍വേ അധികൃതര്‍ മൈക്കിലൂടെ നല്‍കാറുണ്ട്. എന്നാല്‍, പലരും ഈ അറിയിപ്പുകള്‍ അവഗണിക്കുകയാണ് പതിവ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *