Breaking News

സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ കരുത്തുറ്റ പ്രതിരോധം ഉയര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ കരുത്തുറ്റ പ്രതിരോധം ഉയര്‍ത്തണമെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠികളെക്കൊണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. മനുഷ്യനില്‍നിന്നു സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചുകളയാന്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും സാധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

”7 വയസ്സുള്ള കുഞ്ഞിനെ അവന്റെ മതം മുന്‍നിര്‍ത്തി ശിക്ഷിക്കാന്‍ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അധ്യാപികയ്ക്ക് സാധിക്കണമെങ്കില്‍ വര്‍ഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകണം. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതല്‍ കരുത്തുറ്റ പ്രതിരോധം ഉയര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട് എന്ന താക്കീതു കൂടിയായി ഈ സംഭവം മാറിയിരിക്കുന്നു. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോര്‍ക്കണം”-മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുസഫര്‍നഗറില്‍ ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സഹപാഠികളെക്കൊണ്ട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തല്ലിച്ചത്. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലിം വിദ്യാര്‍ഥിയാണു ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. സഹപാഠികളെക്കൊണ്ട് വിദ്യാര്‍ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തെ അപലപിച്ച് ദേശവ്യാപകമായി പ്രതിഷേധ സ്വരങ്ങള്‍ ഉയരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *