

കല്ലമ്പലം : പഞ്ചവാദ്യ കലാകാരനായ വിദ്യാർത്ഥിയെ നാവായിക്കുളം ക്ഷേത്രകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് കുമാർ – ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ (20) ആണ് മരിച്ചത്. കല്ലമ്പലം നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ 4.30 ന് അജയകൃഷ്ണന്റെ അച്ഛനായ ഗിരീഷ്‌കുമാർ നേരിട്ട് ഫയർ ഫോഴ്സ് ഓഫീസിലെത്തി മകനെ കാണാനില്ലെന്നുള്ള വിവരവും അജയകൃഷ്ണൻ എഴുതിയ കുറിപ്പും കാണിക്കുകയുണ്ടായി. കുറിപ്പിലെ ഉള്ളടക്കത്തിൻ പ്രകാരം ഫയർഫോഴ്‌സ് ക്ഷേത്രത്തിന്റെ വലിയ കുളത്തിനു സമീപമെത്തുക യായിരുന്നു. അപ്പോഴേക്കും അജയകൃഷ്ണന്റെ മൃതദേഹം കരയ്‌ക്കടൂത്ത് വെള്ളത്തിൽ പൊങ്ങി കിടക്കുകയായിരുന്നു. തുടർന്ന് ആംബുലൻസ് എത്തിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട അജയ കൃഷ്ണൻ ആറ്റിങ്ങലിൽ പഞ്ചവാദ്യം അഭ്യസിച്ചു വരികയാണ്. അജയകൃഷ്ണൻ എഴുതിയെന്നു പറയപ്പെടുന്ന ആത്മഹത്യാകുറിപ്പും അതിലെ ഉള്ളടക്കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു. കല്ലമ്പലം പോലീസ് തുടർ നിയമ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


