

ആറ്റിങ്ങൽ: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാകുന്നു എന്ന പരാതിയെ തുടർന്ന് എത്തിയ പോലീസുകാരെയാണ് മദ്യപസംഘം ആക്രമിച്ചത്. പുതുവൽസര രാത്രിയിൽ 12 മണിയോടുകൂടിയാണ് സംഭവം.
ആറ്റിങ്ങൽ കൈപ്പറ്റ്മുക്കിൽ ഒരു സംഘം യുവാക്കൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എസ്ഐയെയും രണ്ടു പോലീസുദ്യോഗസ്ഥരെയുമാണ് ഏഴംഗസംഘം മുളകുപൊടി വിതറിയശേഷം കമ്പി വടി കൊണ്ട് ആക്രമിച്ചത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ എസ്ഐ മനു, ഗ്രേഡ് എസ് .ഐ ഹണി,സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽ, സിവിൽ പോലീസ് ഓഫീസർ സെയ്താലി തുടങ്ങിയവർ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അക്രമസംഭവവുമായി ബന്ധപ്പെട്ട് അവനവഞ്ചേരി കൈപ്പറ്റി മുക്ക് കിഴക്കേവിള വീട്ടിൽ കണ്ണൻ (26) കൈപ്പറ്റി മുക്ക് വിഷ്ണു നിവാസ് വീട്ടിൽ ശ്യാം മോഹൻ (28) കൈപ്പറ്റി മുക്ക് പന്തലിൽ വീട്ടിൽ രാഹുൽ (32), എന്നിവരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു
ബാക്കിയുള്ള മൂന്നുപേരുടെ അന്വേഷണം ഊർജ്ജിതമാക്കിയതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു.


