


വര്‍ക്കല: വര്‍ക്കലയില്‍ ഗര്‍ഭിണിയായ 19 കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. വര്‍ക്കല പേരേറ്റില്‍ കാട്ടില്‍ വീട്ടില്‍ ബൈജുവിന്റെ മകള്‍ അമ്മു എന്ന് വിളിക്കുന്ന ലക്ഷ്മിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവ് കിരണിനും കുടുംബത്തിനുമൊപ്പം വാടക വീട്ടിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. 11 മാസം മുമ്പാണ് ലക്ഷ്മി വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബി.എ ലിറ്ററേച്ചര്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ലക്ഷ്മി ഒന്നര മാസം ഗര്‍ഭിണിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് കിരണ്‍ ഓട്ടോ ഡ്രൈവറാണ്.


ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വിവാഹത്തിന് ശേഷം ലക്ഷ്മി പഠനം തുടര്‍ന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നതായും അതിനെ തുടര്‍ന്നുണ്ടായ മനോവിഷമം കാരണം ലക്ഷ്മി ആത്മഹത്യ ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ എ.എസ്.പി ദീപക് ധന്‍കര്‍ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനോടൊപ്പം പോലീസിന്റെ സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കടയ്ക്കാവൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.


