പലയിടങ്ങളിലും റോഡും റെയിലും സ്തംഭിച്ചു.
ജന്ദര്‍മന്തറില്‍ കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞു.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ വന്‍ കര്‍ഷക പ്രതിഷേധം. നൂറ്റമ്പതോളം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച നടത്തിയ കര്ഷകബന്ദില് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും റോഡും റെയിലും സ്തംഭിച്ചു.
ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം പൂര്ണബന്ദായി മാറി. പഞ്ചാബില്‍ 125 പ്രദേശങ്ങളില്‍ അരങ്ങേറിയ സമരത്തില്‍ അവശ്യവസ്തുവിതരണവും നിലച്ചു. ഡല്‍ഹിയില്‍ കര്‍ഷകപ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചില്ല. നഗരാതിര്‍ത്തിയില്‍ ഭാരതീയ കിസാന്‍ യൂണിയന് നടത്തിയ പ്രതിഷേധത്തില്‍ ഡല്‍ഹി-യു.പി. ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം നിലച്ചു.
പാര്‍ലമെന്റിനു സമീപം ജന്ദര്‍മന്തറില്‍ തൊഴിലാളി-കര്‍ഷക നേതാക്കള്‍ കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണന്, എം.പി.മാരായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, കെ.കെ. രാഗേഷ്, ബിനോയ് വിശ്വം, സി.ഐ.ടി.യു. നേതാക്കളായ തപന്‍സെന്‍, എ.ആര്. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തെ 5000 കേന്ദ്രങ്ങളില്‍ കര്‍ഷകബന്ദ് നടന്നതായി കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വക്താവ് അശുതോഷ് അറിയിച്ചു.
ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവ് ബിഹാറിലെ പട്നയില്‍ ട്രാക്ടര്‍ മാര്‍ച്ച് നയിച്ചു. രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലെ സമരത്തിനിടെ സംഘര്‍ഷമുണ്ടായി. പശ്ചിമബംഗാളില്‍ മുര്‍ഷിദാബാദ്, ഹൂഗ്ലി, ബാങ്കുര, നാദിയ ജില്ലകളിലൊക്കെ പ്രതിഷേധങ്ങളുണ്ടായി. കര്‍ഷകരുടെ റോഡ് ഉപരോധത്തെത്തുടര്‍ന്ന് ഡല്‍ഹി-അമൃത്സര്‍, ഡല്‍ഹി-മീററ്റ്, കര്‍ണാടക-തമിഴ്നാട്, അയോധ്യ-ലഖ്നൗ ദേശീയപാതകളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.