
മുംബൈ: ബോളിവുഡ് നായിക ദീപിക പദുകോണ്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്കു മുന്നില്‍ ഹാജരായി. നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ ചോദ്യം ചെയ്യലിനായാണ് ദീപിക എന്‍സിബിക്ക് മുന്നില്‍ ഹാജരായത്. ദീപികയ്ക്കു പുറമെ നടിമാരായ സാറ അലിഖാനും ശ്രദ്ധ കപൂറും ഇന്ന് എന്‍സിബിക്കു മുന്നില്‍ ഹാജരാകും.
വെള്ളിയാഴ്ച നാലുമണിക്കൂറോളം എന്‍.സി.ബിയുടെ ചോദ്യം ചെയ്യലിനു വിധേയയായ ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശ് വീണ്ടും എത്തിയിട്ടുണ്ട്. മാരിജുവാന എന്ന ലഹരിമരുന്ന് എത്തിച്ചെന്ന വാട്സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
ജൂണ്‍ 14ന് സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി മൂന്നു മാസങ്ങള്‍ക്കുശേഷം സുഹൃത്തും കാമുകിയുമായ നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും ഡീലര്മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്നാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇടപെടുന്നതും അന്വേഷണം വിപുലപ്പെടുത്തിയതും.