
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതില്‍ നടക്കുന്ന സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുരുക്കാവുമെന്ന് എഫ്.ഐ.ആറില്‍ സൂചന. ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാര്‍ പദ്ധതിയാണെന്നും അതുകൊണ്ടുതന്നെ പദ്ധതിയുടെ നടത്തിപ്പുകാരെ അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടിവരുമെന്നും സി.ബി.ഐ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്. നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സര്‍ക്കാരിന്റെ വാദം നിലനില്‍ക്കില്ലെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടുമെന്ന കാര്യത്തില്‍ സംശയമില്ല.
സി.ബി.ഐ എഫ്.ഐ.ആറില്‍ മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷന്റെ ‘അണ്‍നോണ്‍ ഒഫീഷ്യല്‍സ്’ എന്ന് ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ സ്വാഭാവികമായും ഇതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. അണ്‍നോണ്‍ ഒഫീഷ്യല്‍സ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ലെങ്കിലും പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.ബി.ഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും.
സര്‍ക്കാരാണ് കരാറിലെ രണ്ടാം കക്ഷി. മാത്രമല്ല ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് കാര്യങ്ങള്‍ പോകുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളടക്കം സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും സി.ബി.ഐ അന്വേഷണം മുന്നോട്ടുപോവുക.
നേരത്തെ സന്ദീപിന്റെ കമ്പനിയിലേക്ക് പണം പോയിട്ടുണ്ടെന്നും യുണിടാക് കമ്പനി ഉടമ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. 20 കോടിയുടെ പദ്ധതിയില്‍ നാലര കോടിരൂപയാണ് കമ്മീഷന്‍ ഇനത്തില്‍ പോയിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം ലൈഫ് പദ്ധതിയുടെ കമ്മീഷന്‍ തുകയാണോയെന്നും സംശയിക്കപ്പെടുന്നു.