
ഗ്രേവ്സെൻഡ് (കെന്റ്): ഇംഗ്ലണ്ടിലെ കെന്റിൽ വിനായക ചതുർഥി മഹോത്സവത്തിന്റെ ഭാഗമായി സൂര്യകാലടി മഹാ ഗണപതി ഹോമം ആദ്യമായി സംഘടിപ്പിക്കുന്നു. ചിങ്ങം 11, 1201 (2025 ഓഗസ്റ്റ് 27, ബുധനാഴ്ച) രാവിലെ 8 മുതൽ 12 വരെ നടക്കുന്ന ഹോമത്തിന് ഗ്രേവ്സെൻഡിലെ Kent, DA13 9BL ആണ് വേദിയാകുന്നത്.
ഹോമത്തിന്റെ മുഖ്യ കാർമികൻ തന്ത്രിമുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ആയിരിക്കും. 108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാൻ ലക്ഷ്യമിട്ട് ചടങ്ങുകൾ നടക്കും.
കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സൂര്യകാലടി മന പുരാതന കാലം മുതൽ ഗണപതി ഭഗവാന്റെ ദിവ്യസ്ഥലമായി അറിയപ്പെടുന്നു. സൂര്യഭഗവാനിൽ നിന്ന് മന്ത്രതന്ത്രജ്ഞാനവും താളിയോലകളും കൈപ്പറ്റിയ ഭട്ടതിരിപ്പാടിന്റെ ആത്മീയ പാരമ്പര്യം വിശിഷ്ടമാണ്.
2007 ഏപ്രിൽ 22-ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങൾ ഉപയോഗിച്ച് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യ കാർമികത്വം വഹിച്ച ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ഇപ്പോൾ ഇംഗ്ലണ്ടിലെ കെന്റിൽ 108 നാളീകേരങ്ങളുടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.
സർവവിധ ദോഷ-ദുരിത-പീഡകളെയും നിവർത്തിക്കുന്ന ആത്മീയ അനുഭവമായി മാറുന്ന ഈ ഹോമത്തിൽ പങ്കുചേരുവാൻ ഭക്തജനങ്ങളെ വിനായകസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും തിരുനാമത്തിൽ സംഘാടകർ സാദരം ക്ഷണിച്ചിട്ടുണ്ട്.