

വര്‍ക്കല/ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം കന്നി 5 ന് സെപ്റ്റംബര്‍ 21 ന്. ഗുരുദേവ സമാധിമഠം ഉള്‍ക്കൊള്ളുന്ന വര്‍ക്കല ശിവഗിരിയില്‍ നാമജപം, ഉപവാസം, മഹാസമാധി പ്രാര്‍ത്ഥന, അന്നദാനം തുടങ്ങിയ പരിപാടികളോടെയാണ് സമാധിദിനം ആചരിക്കുകയെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി പ്രഗ്രാം കമ്മിറ്റി സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി എന്നിവര്‍ അറിയിച്ചു. രാവിലെ 5 ന് വിശേഷാല്‍ പൂജ, ഹവനം, പാരായണം എന്നിവ കഴിഞ്ഞ് 9 മണിക്ക് മഹാസമാധി പീഠത്തില്‍ ജപം, ധ്യാനം, സമൂഹപ്രാര്‍ത്ഥന എന്നിവയും ശ്രീനാരായണ ദിവ്യസത്സംഗവും സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ നടക്കും.



10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും ഡോ.ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണവും നടത്തും. അടൂര്‍ പ്രകാശ് എം.പി., അഡ്വ.വി.ജോയി എം.എല്‍.എ, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.എം.ലാജി, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍, ജി.ഡി.പി.എസ്.ചീഫ് കോ- ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി ശ്രീമത് അസംഗാനനന്ദഗിരി സ്വാമികള്‍ എന്നിവര്‍ പ്രസംഗിക്കും.


12 ന് സച്ചിദാനന്ദ സ്വാമികള്‍ ഗുരുദേവന്റെ മഹസമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. തുടര്‍ന്ന് സന്ന്യാസിമാരുടെ നേതൃത്വത്തില്‍ ശാരദാമഠത്തില്‍ വച്ച് ശാന്തി ഹോമയജ്ഞം നടത്തും. തുടര്‍ന്ന് മഹാസമാധിപീഠത്തിലേക്ക് കലശം വഹിച്ചുകൊണ്ടുള്ള ശാന്തിയാത്ര, വൈദികമഠം, റിക്ഷാമന്ദിരം, ബോധാനന്ദ സ്വാമി സമാധി പീഠം എന്നിവിടങ്ങളിലെത്തി പ്രണാമം അര്‍പ്പിച്ച് മഹാസമാധി സന്നിധിയിലെത്തിച്ചേരും. 3.30 ന് നടക്കുന്ന മഹാസമാധി പൂജയില്‍ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്കം ദൈവദശകാലാപനങ്ങള്‍ അഷ്ടോത്തര ശതനാമാവലി, അര്‍ച്ചന എന്നിവ നടക്കും.


മഹാസമാധി സന്നിധിയില്‍ ഭക്തജനങ്ങള്‍ക്ക് അഷ്ടോത്തര ശതനാമാവലി അര്‍ച്ചന നടത്തുവാന്‍ സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും അന്നദാനവും നടക്കും. ഒരു ഗുരുദേവ ഭക്തനെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മഹനീയമായ പുണ്യദിനമാണെന്നും ഗുരുദേവന്റെ മഹാസമാധി ദിനം ദു:ഖിക്കാനുള്ളതല്ലെന്നും കറുത്ത കൊടി കെട്ടുക, കറുത്ത ബാഡ്ജ് ധരിക്കുക, ദു:ഖ സൂചകമായി ഗുരു മന്ദിരങ്ങളിലെ ഗുരുദേവ വിഗ്രഹം മറച്ചുവയ്ക്കുക, ഗുരുമന്ദിരം അടച്ചിടുക, ഗുരുപൂജ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ അരുതെന്നും ശിവഗിരി മഠം അറിയിച്ചു.

