
വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ പവിത്ര പാദം പതിഞ്ഞ വര്‍ക്കലയിലെ ശിവഗിരിയില്‍ ഗുരുദേവന്റെ 88-ാമത് തീര്‍ത്ഥാടനത്തിന് പതാക ഉയര്‍ത്തി. ഇന്ന് രാവിലെ ഗുരുദേവ മഹാസമാധിയിലെ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ പതാകയുമായി സമാധിയില്‍നിന്നും ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍, മറ്റ് സ്വാമിമാരുമടങ്ങിയ സംഘം വൈദിക മഠം വഴി ശാരദാ മഠത്തിലൂടെ കൊടിമരച്ചുവട്ടില്‍ എത്തി ഏഴ് മണിക്ക് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ പതാക ഉയര്‍ത്തി. എം.എല്‍.എ വി.ജോയ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും ആഘോഷപൂര്‍വ്വം കൊണ്ടാടാറുള്ള ശിവഗിരി തീര്‍ത്ഥാടനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ചടങ്ങുകള്‍ മാത്രമായാണ് നടത്തുന്നത്.