Breaking News

88-ാമത് വ്യോമസേന ദിനം: കരുത്ത് വിളിച്ചോതി റഫാല്‍, ചിനൂക്ക്, അപ്പാച്ചെ വിമാനങ്ങള്‍

88-മത് വ്യോമസേന ദിനാഘോഷങ്ങളുടെ ഭാഗമായി എയര്‍ ചീഫ് മാര്‍ഷല്‍ കുമാര്‍ സിങ് ഭദൗരിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: സൈനിക ശേഷിയുടെ കരുത്ത് വിളിച്ചോതി ഇന്ത്യന്‍ വ്യോമസേന 88-ാമത് വ്യോമസേന ദിനം ആഘോഷിക്കുന്നു. വലുപ്പത്തില്‍ ലോകത്തിലെ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടേത്. ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡോണ്‍ വ്യോമത്താവളത്തിലാണ് ചടങ്ങുകളും പ്രദര്‍ശനവും നടക്കുന്നത്. ഫ്രാന്‍സില്‍നിന്ന് വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം.
വ്യോമസേനയുടെ ധീരരായ യോദ്ധാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ‘ഇന്ത്യന്‍ വ്യോമസേനയുടെ ധീരരായ എല്ലാ യോദ്ധാക്കള്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ രാജ്യത്തിന്റെ ആകാശം സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, ദുരന്തസമയങ്ങളില്‍ മനുഷ്യരാശിയുടെ സേവനത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ധൈര്യവും അര്‍പ്പണബോധവും രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവരേയും പ്രചോദിപ്പിക്കും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വ്യോമസേനയുടെ യോദ്ധാക്കള്‍ക്കും അവരുടെ കുടുംബത്തിനും ആശംസ നേരുന്നുവെന്നാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങും വ്യോമസേനക്ക് അഭിവാദ്യം അര്‍പ്പിച്ചു. സമീപകാലത്തായി എത്തപ്പെട്ട റഫാല്‍, ചിനൂക്ക്, അപ്പാച്ചെ വിമാനങ്ങള്‍ എതിരാളികളോടുള്ള നമ്മുടെ പോരാട്ടശേഷിയെ ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ കുമാര്‍ സിങ് ഭദൗരിയ പറഞ്ഞു. എതിരാളികളോട് ഫലപ്രദമായി ഇടപഴകാനുള്ള തങ്ങളുടെ ദൃഢനിശ്ചയവും പ്രവര്‍ത്തനശേഷിയും ഇച്ഛാശക്തിയും വ്യക്തമായി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആഘോഷ ചടങ്ങില്‍ പറഞ്ഞു.
ചൈനയുമായി സംഘര്‍ഷം തുടരുന്ന ഘട്ടത്തില്‍ സെപ്തംബര്‍ 10-നാണ് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്. റഫാലിന് പുറമെ ജാഗ്വാര്‍, തേജസ്, മിഗ് 29, മിഗ് 21, സുഖോയ് 30 എന്നി യുദ്ധവിമാനങ്ങളുടെ പ്രദര്‍ശന പ്രകടനങ്ങളും ഹിന്‍ഡോണ്‍ വ്യോമത്താവളത്തില്‍ നടന്നു.
ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്സിന്റെ ഭാഗമായാണ് 1932 ഒക്ടോബര്‍ എട്ടിന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് രൂപീകൃതമാകുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ബഹുമതിയായി ജോര്‍ജ് ആറാമന്‍ രാജാവ് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പേരിനൊപ്പം റോയല്‍ എന്ന പേരു കൂടി ചേര്‍ത്തു. 1950 ല്‍ ഇന്ത്യ റിപ്പബ്ലിക്കായതിനെ തുടര്‍ന്നു വ്യോമസേനയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട റോയല്‍ പദവി ഉപേക്ഷിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പേര് ഇന്ത്യന്‍ എയര്‍ഫോഴ്സ് (ഐഎഎഫ്) എന്നായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *