
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത മാന്ദ്യത്തിലായ വ്യാപാരംഗം തിരിച്ചുപിടിക്കാന്‍ പ്രമുഖ സ്മാര്‍ട് ഫോണ്‍, ഇലക്ട്രോണിക് കമ്പനികള്‍. രാജ്യത്തെ മുന്‍നിരയിലുള്ള ബ്രാന്‍ഡുകള്‍ 50 ശതമാനംവരെ വിലക്കിഴിവ് നല്‍കിയാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തയ്യാറെടുക്കുന്നത്. കൂടാതെ, ദീര്‍ഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫര്‍, ദീര്‍ഘിപ്പിച്ച വാറന്റി തുടങ്ങിയ ഓഫറുകളുമുണ്ടാകും.
സാംസങ്, എല്‍ജി, ഷവോമി, പാനസോണിക്, ടിസിഎല്‍, റിയല്‍മി, തോംസണ്‍, വിവോ, ബിപിഎല്‍, കൊടാക് തുടങ്ങിയ ബ്രാന്‍ഡുകളാണ് പ്രീമിയം ഉത്പന്നങ്ങള്‍ക്കുള്‍പ്പടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവ സീസണ് മുന്നോടിയായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവ ഇതിനകം വിലക്കിഴിവ് വില്പനയുമായി രംഗത്തുവന്നിട്ടുണ്ട്.
ജിയോമാര്‍ട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഉത്സവ ഓഫറുമായെത്തും. അതിനുപുറമെ ഓഫ്ലൈന്‍ സ്റ്റോറുകളിലൂടെയും വിലക്കിഴിവ് വില്‍പന നടത്താനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ഡിമാന്റുകൂടിയ ഉത്പന്നങ്ങള്‍ക്കാകും കൂടുതല്‍ വിലക്കിഴിവ്.