Breaking News

വി.മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനം: പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ചട്ടം ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോന്‍ 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശകാര്യ വകുപ്പില്‍നിന്നു വിശദീകരണം തേടിയത്.
ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ സ്മിതാ മേനോന്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയല്ലായെന്ന് വിവരാവകാശപ്രകാരം ഇന്ത്യന്‍ എംബസിയില്‍നിന്ന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് സലീം മടവൂര്‍ സമ്മേളനത്തിനിടെ എടുത്ത ഫോട്ടോ സഹിതം പരാതി നല്‍കിയിരിക്കുന്നത്. ഏതു സാഹചര്യത്തിലാണ് ഇവര്‍ പങ്കെടുത്തതെന്നു പരിശോധിക്കണമെന്ന് സലിം മടവൂര്‍ ആവശ്യപ്പെട്ടു. വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രിക്കു നല്‍കിയ പരാതിയില്‍ സലിം മടവൂര്‍ ആവശ്യപ്പെടുന്നു.
വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം ആന്‍ഡ് ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍, അരുണ്‍ കെ. ചാറ്റര്‍ജിയില്‍നിന്നാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയം കേരളത്തില്‍ ചര്‍ച്ചാവിഷയമാകാനാണ് സാധ്യത. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ലംഘനമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം ഇടതുപക്ഷം ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *