Breaking News

ഇടവയിൽ വീടിന് മുന്നിലെ കിണറ്റിൽ 46കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

ഇടവ: വീടിന് മുന്നിലെ കിണറ്റിൽ 46കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടവ തോട്ടുമുഖം വലിയവിള വീട്ടിൽ ഗോപാലന്റെ മകൻ സുരേഷ് (46) ആണ് മരിച്ചത്. ഇടവ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പിൽ അംബേദ്കർ കോളനി പ്രദേശത്താണ് സംഭവം.

മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന സുരേഷിന്റെ മൃതദേഹം വീടിന് മുന്നിലുള്ള കുടുംബത്തിന്റെ സ്വന്തം കിണറ്റിലാണ് കണ്ടെത്തിയത്. വീട്ടുകാരും സമീപത്തെ അഞ്ചോളം കുടുംബങ്ങളും വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന കിണറാണിത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.

ബുധനാഴ്ച സുരേഷിന്റെ സഹോദരി കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ തൊട്ടി തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഭഗത് ബി.എ. സെറ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി. റോപ്പും നെറ്റും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജൂലൈ 13ന് രാവിലെ സുരേഷ് വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽ നിന്ന് പുറത്തുപോയ സുരേഷിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. സുരേഷ് ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഫോണും സമീപത്തുണ്ടായിരുന്നതായും വിവരമുണ്ട്.മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

ഇടവ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശൈലജ എസ്. സ്ഥലത്തെത്തി അയിരൂർ പോലീസിന് തുടർനടപടികൾക്ക് ആവശ്യമായ സാഹചര്യമൊരുക്കി.

ഗോപാലൻ–ഓമന ദമ്പതികളുടെ മകനാണ് സുരേഷ്. ഭാര്യ: സന്ധ്യ , മക്കൾ: ഷമീന, ഷൈജിത്ത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *