Breaking News

കുളത്തിൽ വീണ വയോധികനെ രക്ഷപ്പെടുത്തി; സമയോചിത ഇടപെടലിൽ യുവാവും, പത്താം ക്ലാസ് വിദ്യാർത്ഥിനിയും ഫയർഫോഴ്‌സും

വർക്കല: ഒറ്റൂർ മാമ്പഴക്കോണം ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ വീണ 65-കാരനായ വയോധികനെ നാട്ടുകാരുടെയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെയും വർക്കല അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.10ഓടെയാണ് സംഭവം. ഒറ്റൂർ മാമ്പഴക്കോണം തോക്കാലയിൽ പണിക്കൽ വീട്ടിൽ രഘു (65) അബദ്ധത്തിൽ പഞ്ചായത്ത് കുളത്തിൽ വീഴുകയായിരുന്നു.

കുളത്തിലേക്ക് വീഴുന്നത് കണ്ട സമീപത്തെ വർക്ക്‌ഷോപ്പ് ഉടമ ബിജു കെ. നായരും സുഹൃത്തും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബിജുവിനും സുഹൃത്തിനും നീന്തലറിയാത്തത് രക്ഷാപ്രവർത്തനം വെല്ലുവിളിയായി.ഏറെ ശ്രമത്തിനൊടുവിൽ ഇരുവരും ചേർന്ന് രഘുവിനെ കരയ്ക്കെത്തിച്ചു.

ഇതിനിടെ കുളത്തിൽ വീണു മുങ്ങിത്താഴുന്ന വയോധികൻ്റെ നിലവിളിയും രക്ഷാപ്രവർത്തനവും കണ്ട് അതുവഴി എത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ഭദ്ര എ.എസ് സമയോചിതമായി വർക്കല അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാർ വയോധികനെ കരയ്ക്കെത്തിച്ചിരുന്നു, അവശനിലയിലായിരുന്ന രഘുവിനെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.

വർക്ക്‌ഷോപ്പ് ഉടമ ബിജു കെ. നായരും സുഹൃത്തും കാട്ടിയ ധീരമായ രക്ഷാപ്രവർത്തനവും, അടിയന്തരമായി ഫയർഫോഴ്‌സിനെ വിവരം അറിയിച്ച വിദ്യാർത്ഥിനിയായ മൂങ്ങോട് കുന്നുവിള വീട്ടിൽ ഭദ്രയുടെ അവസരോചിതമായ ഇടപെടലും ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.

ഇരുവരുടെയും മാതൃകാപരമായ പ്രവർത്തനത്തെ ജനപ്രതിനിധികളും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പ്രശംസിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *