Breaking News

കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്‍ പൊള്ളലേറ്റ് മരിച്ചു

വര്‍ക്കല: കുടുംബ വഴക്കിനെ തുടര്‍ന്ന് കുടുംബത്തിലെ 3 പേര്‍ പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല ചെമ്മരുതി സ്വദേശികളായ രാജേന്ദ്രന്‍, ഭാര്യ ബിന്ദു, മകന്‍ അമല്‍ എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം. രാജേന്ദ്രനും ബിന്ദുവും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ബിന്ദു തന്റെ വസ്ത്രങ്ങളും തയ്യല്‍ മെഷീനും മറ്റും എടുക്കുന്നതിനായി മകനോടൊപ്പം വീട്ടില്‍ എത്തിയതായിരുന്നു. മകന്റെ രണ്ട് സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.

ബിന്ദു വീട്ടിനുള്ളില്‍ പ്രവേശിച്ച് മുറിക്കകത്ത് കയറിയ സമയത്ത് രാജേന്ദ്രന്‍ എത്തി അകത്തുനിന്നും കുറ്റിയിടുകയായിരുന്നു. തുടര്‍ന്ന് ബിന്ദുവിന്റെ നിലവിളി ശബ്ദം കേട്ട് മകന്‍ ഓടി വീട്ടിനുള്ളില്‍ കയറി കതക് ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴേക്കും രാജേന്ദ്രന്‍ ബിന്ദുവിന്റെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. തീ ആളി പടര്‍ന്നത് കണ്ട് അമല്‍ തന്റെ അമ്മയെ വെളിയിലേക്ക് തള്ളിവിട്ട് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. അപ്പോഴേക്കും അമലിന്റെ ദേഹത്തും തീ പടര്‍ന്നിരുന്നു. ബിന്ദു വീട്ടില്‍നിന്ന് ഇറങ്ങി ഓടി തൊട്ടടുത്ത് തന്നെ വീഴുകയായിരുന്നു. ഇതിനിടയില്‍ അമല്‍ മുറ്റത്തേക്ക് ചാടി. അപ്പോഴേക്കും അമലിന്റെ തലമുടി പൂര്‍ണ്ണമായും കരിഞ്ഞ് ദേഹമാസകലം പൊള്ളലേറ്റിരുന്നു.

ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷികളായിരുന്ന അമലിന്റെ രണ്ട് സുഹൃത്തുക്കള്‍ അമലിനെയും അമ്മയെയും രക്ഷിക്കാനുള്ള ശ്രമം നടത്തി. അവരുടെയും കാലിന് പൊള്ളലേറ്റു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി ബിന്ദുവിന്റെയും അമലിന്റെയും ദേഹത്ത് വെള്ളം ഒഴിച്ച് തീ കെടുത്തുകയും വീട്ടിനകത്തുള്ള തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് അമലിനെയും അമ്മയെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു. ബിന്ദുവിന്റെ ദേഹത്ത് തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ രാജേന്ദ്രന്‍ സംഭവ സ്ഥലത്തുവച്ച് മരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന ബിന്ദുവും അമലും ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *